ഇടുക്കി ജില്ലയിൽ കൂടുതൽ കൊവിഡ് കെയർ സെന്ററുകൾ തുറക്കും; തീരുമാനം ഏകോപന സമിതി യോഗത്തിൽ

നിരീക്ഷണത്തിൽ കഴിയേണ്ട ആളുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അതിർത്തിക്കുള്ളിൽ കൂടുതൽ കൊവിഡ് കെയർ സെന്ററുകൾ തുറക്കാൻ തീരുമാനമായി. ഇന്നു നടന്ന കൊവിഡ് ഏകോപന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ഇതിന്റെ അടിഥാനത്തിൽ കുടയത്തൂർ പഞ്ചായത്തിലെ വെട്ടം റിസോർട്ട് ഏറ്റെടുത്തു. തൊടുപുഴ നഗരം കേന്ദ്രീകരിച്ച് പൊതു – സ്വകാര്യ മേഖലകളിലെ കൂടുതൽ കെട്ടിടങ്ങൾ വരും ദിവസങ്ങളിൽ ഏറ്റെടുക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ ദിവസം തുറന്ന മുട്ടം റൈഫിൾ ക്ലബ്ബിലെ കൊവിഡ് കെയർ സെന്ററിൽ രണ്ടു ദിവസങ്ങൾക്കിടെ ഏഴ് പേരെ നിരീക്ഷത്തിൽ പാർപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് മരണമടഞ്ഞ ഒഡിഷ സ്വദേശിയുടെ മൃതദേഹവുമായി പോയി നാട്ടിലേക്ക് മടങ്ങിയെത്തിയ രണ്ട് പേരെ ശനിയാഴ്ച സെന്ററിലെത്തിച്ച് നിരീക്ഷണത്തിലാക്കി. മണിയാറൻകുടി സ്വദേശിയായ രോഗിയുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേരെയും മൈസൂരിൽ നിന്നെത്തിയ രണ്ട് പേരെയും വെള്ളിയാഴ്ച്ച സെന്ററിലെത്തിച്ചിരുന്നു. തമിഴ്നാട്ടിൽ പച്ചക്കറിയെടുക്കാൻ പോയി മടങ്ങുന്ന ഇടവെട്ടി സ്വദേശികളായ രണ്ട് പേരെ കൂടി ഞായറാഴ്ച ക്വാറന്റീനിലാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മുട്ടം ഗ്രാമ പഞ്ചായത്ത് ഓഫീസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലായാണ് ഏകോപന സമിതി യോഗങ്ങൾ ചേർന്നത്. കൂടുതലായി നിരീക്ഷണത്തിലെത്തിക്കുന്നവർക്കായി ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
Story highlights-idukki,covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here