Advertisement

‘ഇനി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമോ എന്ന് തോന്നുന്നില്ല’; രവി ചേട്ടൻ പറഞ്ഞത്

April 25, 2020
4 minutes Read

നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട് ഒടുവിൽ ആരെയും അറിയിക്കാതെ മരണത്തിന്റെ ലോകത്തേയ്ക്ക് യാത്രയായിരിക്കുകയാണ് രവി വള്ളത്തോൾ. സിനിമയിലും സീരിയലിലും തന്റെ കഥാപാത്രങ്ങളെ അച്ചടക്കത്തോടെ കൈകാര്യം ചെയ്യുന്നതിലായിരുന്നു രവി വള്ളത്തോൾ എന്ന നടന്റെ മിടുക്ക്. അദ്ദേഹത്തെ തേടിയെത്തിയതെല്ലാം അത്തരത്തിലുള്ള കഥാപാത്രങ്ങളും. സീരിയൽ ലോകത്ത് നിറഞ്ഞു നിന്നിരുന്ന രവി വള്ളത്തോളിനെ അനുസ്മരിക്കുകയാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച സീരിയൽ മേക്കർ വയലാർ മാധവൻ കുട്ടി.

‘മാധവൻ കുട്ടിയെ നേരിട്ടറിയാം; എന്റെ പേര് കൂടി ശുപാർശ ചെയ്യണം’

രവി വള്ളത്തോളുമായി ആദ്യമായി ഒരുമിച്ച് ജോലി ചെയ്യുന്നത് ജ്വാലയായി എന്ന പരമ്പരയിലാണ്. പരമ്പരയുടെ കാസ്റ്റിംഗ് എല്ലാം കഴിഞ്ഞ സമയം. മമ്മൂക്കയുമായി മദിരാശിയിലെ സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു കോൾ വന്നു. രവി വള്ളത്തോളായിരുന്നു മറുതലയ്ക്കൽ. ‘മാധവൻ കുട്ടിയെ എനിക്ക് നേരിട്ടറിയാം. വലിയൊരു പ്രൊജക്ട് ചെയ്യുന്നുവെന്ന് അറിഞ്ഞു. എന്റെ പേര് കൂടി ശുപാർശ ചെയ്യണം’ ഇതായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് മുൻപും രവി ചേട്ടനെ എനിക്ക് അറിയാം. ഒരുമിച്ച് റെസ്റ്റോറന്റിലൊക്കെ ഇരുന്ന് ചായ കുടിച്ചിട്ടുണ്ട്. അങ്ങനെയൊരു റെക്കമെന്റേഷൻ വന്നപ്പോൾ സങ്കടം വന്നു. (മലയാളത്തിലെ മികച്ച പരമ്പരകളിൽ ഒന്നായിരുന്നു ജ്വാലയായി. മമ്മൂട്ടിയാണ് ഈ പരമ്പര നിർമിച്ചത്. ഇതിൽ നെടുമുടി വേണു ചെയ്ത കഥാപാത്രത്തിന്റെ മകനായ ഐഎഎസ് ഓഫീസറായാണ് രവി വള്ളത്തോൾ വേഷമിട്ടത്. പരമ്പരയിലെ മുഴുനീള കഥാപാത്രമായിരുന്നു അത്. )

‘ഇനി നമുക്ക് ഒരുമിച്ച് ജോലി ചെയ്യാൻ കഴിയുമോ എന്ന് തോന്നുന്നില്ല’

ജ്വാലയായ്ക്ക് ശേഷം എല്ലാ സീരിയലുകളിലും അദ്ദേഹത്തിന് ഒരു വേഷം നൽകി. ഒടുവിൽ അഭിനയിച്ചത് ശ്രീഗുരുവായൂരപ്പൻ എന്ന സീരിയലിലായിരുന്നു. കുറൂരമ്മയുടെ ഭർത്താവായിട്ടാണ് അദ്ദേഹം വേഷമിട്ടത്. അതിന് ശേഷം ‘നന്ദഗോപാലം’ എന്ന ആൽബം ചെയ്തു. ഞാൻ വരികൾ എഴുതി രമേശ് നാരായണനാണ് സംഗീതം ഒരുക്കിയത്. അതിൽ അഭിനയിക്കാൻ രവി ചേട്ടനെ സമീപിച്ചു. അന്ന് അദ്ദേഹത്തിന് കാലിന് തീരെ വയ്യായിരുന്നു. വളരെ വിഷമിച്ചാണ് ആ വേഷം ചെയ്യാമോ എന്ന് ചോദിച്ചത്. ഒരു പരാതിയുമില്ലാതെ സഹകരിച്ചു. ആൽബത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് അദ്ദേഹം പറഞ്ഞത് ഇപ്പോഴും മനസിലുണ്ട്. ‘ഇനി നമുക്ക് ഒരുമിച്ച് ജോലി ചെയ്യാൻ കഴിയുമോ എന്ന് തോന്നുന്നില്ല. എന്തായാലും ഭഗവാന്റെ വർക്കല്ലേ ചെയ്തത്. സന്തോഷമുണ്ട്’.

അതിന് ശേഷം ഫോണിൽ സംസാരിച്ചിരുന്നു. ശ്രീഗുരുവായൂരപ്പൻ പരമ്പര പുനഃസംപ്രേക്ഷണം ചെയ്യണമെന്ന ആഗ്രഹം രവി ചേട്ടൻ പ്രകടിപ്പിച്ചിരുന്നു. അതിന് ശേഷം സൂര്യ ടിവി പരമ്പര പുനഃസംപ്രേക്ഷണം ചെയ്യുകയും ചെയ്തു. രവി ചേട്ടൻ ഒരു പക്ഷേ അത് അറിഞ്ഞിട്ടുണ്ടാകില്ല. വയ്യാതായ ശേഷം പിന്നെ സംസാരിച്ചിട്ടില്ല.

ആരോടും പിണങ്ങാത്ത പ്രകൃതം

അതീവ ഭംഗിയുള്ള ആളായിരുന്നു രവി ചേട്ടൻ. ആരോടും പിണങ്ങാത്ത പ്രകൃതം. നല്ല ശബ്ദവും അക്ഷര സ്ഫുടതയും. ‘മോനേ’ എന്നേ വിളിച്ചിട്ടുള്ളൂ. സോഫ്ട് ആൻഡ് ഇന്റലിജൻസ് കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമായിരുന്നു. ഇപ്പോഴും ആരോഗ്യവാനായി ഇരിക്കേണ്ടതായിരുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top