ഒരു കാരണവശാലും ഡെറ്റോളോ ലൈസോളോ കുടിക്കരുത്: ട്രംപിന്റെ പ്രസ്താവനക്ക് എതിരെ നിർമാണ കമ്പനി

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വാദം കേട്ട് ആരും അണുനാശിനികൾ കുടിക്കരുതെന്ന അഭ്യർത്ഥനയുമായി നിർമാണ കമ്പനികൾ. ലൈസോളും ഡെറ്റോളും നിർമിക്കുന്ന കമ്പനിയാണ് ട്രംപിന്റെ പ്രസ്താവന കാരണം ജനങ്ങളോട് മുന്നറിയിപ്പ് നൽകാൻ നിർബന്ധിതരായിരിക്കുന്നത്. ട്രംപിന്റെ വാദത്തിന് ശേഷം നിരവധി വ്യാജ സന്ദേശങ്ങളാണ് ഇതേക്കുറിച്ച് പരക്കുന്നത്.
റെക്കിറ്റ് ബെൻക്കിസർ എന്ന ബ്രിട്ടീഷ് കമ്പനിയാണ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷം വന്ന വ്യാജപ്രചാരണത്തെ തുടർന്ന് അണുനാശിനികൾ കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് ആളുകൾക്ക് നൽകിയത്. ‘ആരോഗ്യം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ആഗോള നായകരെന്ന നിലയിൽ ഞങ്ങൾ പറയുന്നു, ഒരു സാഹചര്യത്തിലും ഞങ്ങളുടെ അണുനശീകരണ ഉത്പന്നങ്ങൾ മനുഷ്യശരീരത്തിലേക്ക് ഇൻജക്ഷൻ ആയോ വായിലൂടെയോ ശരീരത്തിനുള്ളിലേക്ക് എത്തിക്കരുത് ‘ കൂടാതെ മാർഗനിർദേശങ്ങൾ പാലിച്ച് മാത്രമേ അണുനാശിനികൾ ഉപയോഗിക്കാൻ പാടുള്ളൂ എന്നും കമ്പനി വ്യക്തമാക്കി. പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശമനുസരിച്ച് ഉപയോക്താക്കൾക്ക് കൃത്യവും കാലികവുമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം തങ്ങൾക്ക് ഉണ്ടെന്നും കമ്പനി.
അതേസമയം എന്ത് കാരണം കൊണ്ടും അണുനാശിനികൾ ശരീരത്തിൽ കുത്തിവെക്കുകയോ വായിലൂടെ അകത്തേക്ക് എടുക്കുകയോ ചെയ്യരുതെന്ന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മേധാവി സ്റ്റീഫൻ ഹാനും പറഞ്ഞു.
ഇന്നലെയാണ് കൊവിഡിനെ അകറ്റാൻ അണുനാശിനി പരീക്ഷിക്കാമെന്ന വിചിത്ര വാദവുമായി ട്രംപ് എത്തിയത്. ‘അൾട്രാ വയലറ്റ് വെളിച്ചമോ മറ്റേതെങ്കിലും ശക്തിയേറിയ വെളിച്ചമോ ശരീരത്തിലേക്ക് നേരിട്ട് അടിക്കുകയാണെന്ന് വിചാരിക്കുക. അത് പരിശോധിച്ചിട്ടില്ലെന്നും പരിശോധിക്കുന്നത് ആലോചനയിൽ ഉണ്ടെന്നുമല്ലേ പറഞ്ഞത്? ഇനി ഈ വെളിച്ചം തൊലിയിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങൾ വഴിയോ ശരീരത്തിനുള്ളിലെത്തി എന്ന് കരുതുക. നിങ്ങൾ അതും പരീക്ഷിക്കുമെന്നാണ് ഞാൻ കരുതുന്നത്. അത് കൊള്ളാം. അണുനാശിനികൾ വൈറസിനെ ഒരു മിനിട്ട് കൊണ്ട് പുറത്തു ചാടിക്കുമെന്ന് എനിക്കറിയാം. അണുനാശിനികൾ കുത്തിവയ്പിലൂടെയോ മറ്റോ ശരീരത്തിനുള്ളിലെത്തിച്ചാലോ? അത് പരീക്ഷിക്കുന്നതും നന്നാവും. നോക്കൂ, അണുനാശിനി ശ്വാസകോശത്തിൽ എത്തിയാലോ? അതൊക്കെ അറിയാൻ എനിക്ക് താത്പര്യമുണ്ട്. ഞാൻ ഒരു ഡോക്ടറല്ല. പക്ഷേ, കാര്യങ്ങൾ അറിയാവുന്ന ഒരാളാണ്.”- ട്രംപ് പറഞ്ഞു.
coroanvirus. donald trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here