കിം ജോങ് ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റെന്ന് ട്രംപ്

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാർത്ത റിപ്പോർട്ട് ചെയ്ത സിഎൻഎൻ ചാനലിന് പഴയ രേഖകളാണ് ലഭിച്ചതെന്നാണ് താൻ മനസിലാക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഇത് സംബന്ധിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്ത വാർത്ത തെറ്റാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച് പഴയ രേഖകളാണ് അവർക്ക് ലഭിച്ചതെന്നാണ് ഞാൻ മാനസ്സിലാക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ, കിം ആരോഗ്യവാനാണെന്ന് പറയാൻ ഉത്തര കൊറിയയിൽ നിന്ന് നേരിട്ടുള്ള വിവരമുണ്ടോയെന്നുള്ള ചോദ്യത്തിന് മറുപടി പറയാൻ ട്രംപ് വിസമ്മതിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് ദിവസേനയുള്ള വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്. കിമ്മിന് ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. തനിക്ക് കിമ്മുമായി നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.
അതേസമയം, അവസാനമായി എന്നാണ് കിമ്മുമായി ആശയവിനിമയം നടത്തിയതെന്ന ചോദ്യത്തിൽ നിന്ന് ട്രംപ് ഒഴിഞ്ഞുമാറി. ശസ്ത്രക്രിയക്ക് ശേഷം കിം ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ഇതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചതായും രണ്ട് ദിവസം മുമ്പ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. എന്നാൽ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here