എറണാകുളത്ത് എത്തുന്ന ട്രക്കുകളെ കർശനമായി നിരീക്ഷിക്കും

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ എത്തുന്ന എല്ലാ ട്രക്കുകളിലും പരിശോധന കർശനമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മന്ത്രി വി എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ട്രക്കുകളുടെ നിരീക്ഷണം കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചത്.
ജില്ലയിൽ ട്രക്കുകൾ കൂടുതലായി എത്തുന്ന വല്ലാർപാടം അന്താരാഷ്ട്ര കണ്ടെനർ ടെർമിനൽ, ഐ.ഒ.സി.എൽ., എച്ച്.പി.സി.എൽ, ബി.പി.സി.എൽ, മരട്, ആലുവ, എറണാകുളം, മൂവാറ്റുപുഴ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ട്രക്ക് ഡ്രൈവർമാരുടെ താമസം, മറ്റ് അവശ്യ സൗകര്യങ്ങളുടെ ക്രമീകരണം, താമസം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിർദേശം നൽകി. വിവരങ്ങൾ ശേഖരിച്ച ശേഷം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഈ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തും. ഇവരുടെ വിവരങ്ങൾ ജില്ലാ അതിർത്തികളിൽ ശേഖരിക്കാനാവശ്യമായ നടപടി പൊലീസ് സ്വീകരിച്ചു വരികയാണ്.
താമസ സ്ഥലങ്ങളിലും മറ്റും പ്രദേശവാസികളുമായോ ഈ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുമായോ ഇവർ ഇടപെടാതിരിക്കാനുളള നടപടികൾ സ്വീകരിക്കും. എല്ലാ ട്രക്ക് ഡ്രൈവർമാരും മാസ്‌ക്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തിങ്കളാഴ്ചയോട് കൂടി ക്രമീകരണങ്ങൾ നടപ്പാക്കാനാണ് തീരുമാനം. ജില്ലാ കളക്ടർ എസ് സുഹാസ്, സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, അസി.കളക്ടർ എം എസ് മാധവിക്കുട്ടി, എസ്പി കെ കാർത്തിക്ക്, ഡിസിപി ജി പൂങ്കുഴലി, ജില്ലാ മെഡിക്കൽ ഓഫീസർ എൻ കെ കുട്ടപ്പൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Story highlights-ernakulam,lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here