Advertisement

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളുടെ വിമാന യാത്രാ ചെലവ് വഹിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു: മുഖ്യമന്ത്രി

April 27, 2020
1 minute Read

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളുടെ വിമാന യാത്രാ ചെലവ് വഹിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളിൽ വളരെ ചെറിയ വരുമാനം ഉള്ളവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ, ജയിൽ ശിക്ഷ പൂർത്തിയാക്കിയവർ, പാർട്ട് ടൈം വരുമാനം നിലച്ചു പോയ വിദ്യാർത്ഥികൾ, ലോക്ക് ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവർ എന്നിവരുടെയൊക്കെ വിമാന യാത്രാക്കൂലി കേന്ദ്രം വഹിക്കണം എന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക് ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് സാമ്പത്തിക പിന്തുണ നൽകണം. അവർക്ക് വേണ്ടി പുനരധിവാസ പാക്കേജ് കേന്ദ്ര ഗവണ്മെൻ്റ് അടിയന്തിരമായി പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താൻ സാധിക്കുന്ന സ്കീമുകൾക്കും രൂപം നൽകണം. ഹ്രസ്വകാല സന്ദർശനക്കായി പോയവർ, ജീവിതാവശ്യങ്ങൾ നിറവേറ്റാൻ നിവൃത്തിയില്ലാത്തവർ, ചികിത്സാ സഹായം ആവശ്യമുള്ളവർ തുടങ്ങിയവരെ തിരിച്ചു കൊണ്ടുവരാൻ പ്രഥമ പരിഗണന നൽകണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നാല് ലക്ഷം അതിഥി തൊഴിലാളികളുണ്ട്. അവരെ ഘട്ടം ഘട്ടമായി സ്വന്തം നാടുകളിൽ എത്തിക്കാനുള്ള നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളായ ആരോഗ്യപ്രവർത്തകരുടെ കാര്യത്തിൽ കേന്ദ്രം അടിയന്തിര ശ്രദ്ധ പതിപ്പിക്കണം. ശുചിത്വമുള്ള ക്വാറൻ്റീൻ സൗകര്യം ഇവർക്ക് നൽകണം. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള നഴ്സുമാരുടെ പ്രശ്നങ്ങൾ അവിടുത്തെ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രധാനമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഭാഗികമായ ലോക്ക് ഡൗൺ മെയ് 15 വരെ തുടരാം എന്നാണ് സംസ്ഥാനത്തിൻ്റെ നിർദ്ദേശം. അപ്പോഴുള്ള സാഹചര്യങ്ങൾ പരിഗണിച്ച് തുടർ നടപടികൾ എടുക്കാവുന്നതാണ്. മുൻപത്തെ ആഴ്ചകളിൽ കൊവിഡ് കേസ് പുതുതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടങ്ങൾ, പൊതുഗതാഗതം, എന്നിവ നിലനിർത്തി ശാരീരിക അകലം പാലിച്ച് ലോക്ക് ഡൗൺ പിൻവലിക്കാം. അന്തർജില്ലാ, സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: cm requests to central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top