മലയാളി നഴ്‌സുമാരെ തിരിച്ചെത്തിക്കൽ; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ നഴ്‌സുമാരെ തിരികെയെത്തിക്കണമെന്ന ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. നഴ്‌സുമാരെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരിന് കത്ത് നൽകിയതായി സംസ്ഥാനം വ്യക്തമാക്കി. രാജ്യത്ത് മലയാളി നഴ്‌സുമാരുടെ മൗലിക അവകാശങ്ങളടക്കം ഹനിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയുടെ അടിയന്തര ഇടപെടൽ തേടിയത്. ഭക്ഷണം, ചികിത്സ, താമസം എന്നിവ ലഭിക്കുന്നില്ലെന്നും ഹർജിക്കാർ ബോധിപ്പിച്ചു.
വിഷയത്തിലിടപെട്ട കോടതി മൗലികാവകാശ ലംഘനം നടന്നെങ്കിൽ പശ്ചിമ
ബംഗാൾ, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രം നടപടിയെടുക്കണമെന്ന് നിർദേശിച്ചു. കേസിൽ എന്തുചെയ്യാനാകുമെന്ന് വ്യക്തമാക്കണമെന്ന് കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസയച്ചു.
അതേസമയം നഴ്‌സുമാരെ കേരളത്തിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി തേടിയതായി സംസ്ഥാനം വ്യക്തമാക്കി. കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കാണ് കത്ത് നൽകിയതെന്നും സംസ്ഥാനം ബോധിപ്പിച്ചു. എന്നാൽ രാജ്യത്ത് അന്തർസംസ്ഥാന യാത്ര നിരോധിച്ചിരിക്കുകയാണെന്നും ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണമൊരുക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നും കേന്ദ്രം നിലപാടറിയിച്ചു. കേരള സർക്കാർ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെടണമെന്നും മൗലികാവകാശ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി ഉറപ്പെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
high court, nurses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here