ഡിവില്ല്യേഴ്സ് തിരിച്ചു വരിക ക്യാപ്റ്റനായി; മാനേജ്മെന്റ് ആവശ്യപ്പെട്ടു എന്ന് താരം
ദക്ഷിണാഫ്രിക്കയുടെ സൂപ്പർ ബാറ്റ്സ്മാൻ എബി ഡിവില്ല്യേഴ്സ് ടീം ക്യാപ്റ്റനായി ടീമിൽ തിരികെ എത്താൻ സാധ്യത. താരം തന്നെയാണ് സ്റ്റാർ സ്പോർട്സിൻ്റെ ക്രിക്കറ്റ് കണക്ട് എന്ന ഷോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയെ വീണ്ടും നയിക്കാന്‍ തന്നോട് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“എനിക്ക് കളിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ടീമിനെ ഒരിക്കൽ കൂടി നയിക്കാമോ എന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് എന്നോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞാൻ മികച്ച ഫോമിൽ ആയിരിക്കുക എന്നതാണ്. ടീമിൽ ഞാൻ സ്ഥാനം അർഹിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുറച്ച് നാളുകളായി ഞാൻ ടീമിൻ്റെ ഭാഗമല്ല. ഞാൻ ഇപ്പോഴും ടീമിൽ ഉൾപ്പെടാൻ അർഹനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതും എൻ്റെ ബാധ്യതയാണ്.”- 36കാരനായ താരം പറഞ്ഞു.
കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ടി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ മടങ്ങിയെത്തുമെന്ന് ഉറപ്പില്ലെന്ന് എബി ഡിവില്ല്യേഴ്സ് നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബറിൽ നടക്കേണ്ട ലോകകപ്പ് മാറ്റിവെക്കാനുള്ള സാധ്യത വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ ടീമിൽ മടങ്ങിയെത്തുന്ന കാര്യം സംശയമാണെന്നാണ് എബി വെളിപ്പെടുത്തിയത്. ആഫ്രിക്കൻ ദിനപത്രമായ റാപ്പോർട്ടിനോടാണ് എബി മനസ്സു തുറന്നത്.
2018 മെയിലാണ് ഡിവില്ല്യേഴ്സ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. അപ്രതീക്ഷിതമായുള്ള വിരമിക്കലിൽ ക്രിക്കറ്റ് ലോകം ഞെട്ടിയിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി ക്രിക്കറ്റിൽ അദ്ദേഹം കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ടി-20കളിലും പാഡണിഞ്ഞ എബി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ്.
Story Highlights: Cricket South Africa asks AB de Villiers to lead the team again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here