ക്യാപ്റ്റൻ ആവണമെന്ന് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിട്ടില്ല; വാർത്ത തള്ളി ഡിവില്ല്യേഴ്സ്

ക്യാപ്റ്റൻ ആവണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് തന്നോട് ആവശ്യപ്പെട്ടു എന്ന വാർത്തകൾ തള്ളി എബി ഡിവില്ല്യേഴ്സ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മുൻ പ്രോട്ടീസ് സ്റ്റാർ ബാറ്റ്സ്മാൻ രംഗത്തെത്തിയത്. സ്റ്റാർ സ്പോർട്സിൻ്റെ ക്രിക്കറ്റ് കണക്ട് എന്ന ഷോ പുറത്തിറക്കിയ പ്രസ് റിലീസിലെ പ്രസ്താവനയെയാണ് എബി തള്ളിയത്.
‘ടീമിനെ നയിക്കാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് എന്നെ സമീപിച്ചു എന്ന റിപ്പോർട്ടുകൾ വ്യാജമാണ്. ഇക്കാലത്ത് എന്ത് വിശ്വസിക്കണമെന്നറിയുന്നത് കഠിനമാണ്. എല്ലാവരും സുരക്ഷിതമായി ഇരിക്കുക’- എബി കുറിച്ചു.
ഇന്നലെയാണ് ഡ്വില്ല്യേഴ്സ് ക്യാപ്റ്റനായി ടീമിൽ തിരികെ എത്തിയേക്കുമെന്ന മട്ടിൽ വാർത്തകൾ പ്രചരിച്ചത്.
“എനിക്ക് കളിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ടീമിനെ ഒരിക്കൽ കൂടി നയിക്കാമോ എന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് എന്നോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞാൻ മികച്ച ഫോമിൽ ആയിരിക്കുക എന്നതാണ്. ടീമിൽ ഞാൻ സ്ഥാനം അർഹിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുറച്ച് നാളുകളായി ഞാൻ ടീമിൻ്റെ ഭാഗമല്ല. ഞാൻ ഇപ്പോഴും ടീമിൽ ഉൾപ്പെടാൻ അർഹനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതും എൻ്റെ ബാധ്യതയാണ്.”- 36കാരനായ താരം പറഞ്ഞതായി ക്രിക്കറ്റ് കണക്ടിൻ്റെ പത്രക്കുറിപ്പിൽ സൂചിപ്പിച്ചു. ഈ വാർത്തയെ ആണ് ഡിവില്ല്യേഴ്സ് തള്ളിയത്.
കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ടി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ മടങ്ങിയെത്തുമെന്ന് ഉറപ്പില്ലെന്ന് എബി ഡിവില്ല്യേഴ്സ് നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബറിൽ നടക്കേണ്ട ലോകകപ്പ് മാറ്റിവെക്കാനുള്ള സാധ്യത വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ ടീമിൽ മടങ്ങിയെത്തുന്ന കാര്യം സംശയമാണെന്നാണ് എബി വെളിപ്പെടുത്തിയത്.
Reports suggesting Cricket SA have asked me to lead the Proteas are just not true. It’s hard to know what to believe these days. Crazy times. Stay safe everyone.
— AB de Villiers (@ABdeVilliers17) April 29, 2020
Story Highlights: AB De Villiers Rubbishes Reports Of Being Approached By Cricket South Africa To Lead Side
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here