പ്രായമായ ആളുകൾക്ക് പ്രത്യേക പരിഗണന നൽകാൻ സംസ്ഥാന സർക്കാർ

വയോജനങ്ങൾ, കിഡ്നി, ഹൃദോഗം, ക്യാൻസർ തുടങ്ങിയ രോഗികൾ എന്നിവർക്ക് കൊവിഡ് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലുള്ളതിനാൽ അവർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാൻ സംസ്ഥാന സർക്കാർ. രോഗവ്യാപന സാധ്യയുള്ള വിഭാഗങ്ങളെ പ്രത്യേകം പ്രാധാന്യം കൊടുത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും പ്രാദേശിക തലത്തിൽ മോണിറ്ററിംഗ് സെല്ലുകൾ രൂപീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കോർപറേഷൻ, കോർപറേഷൻ ഡിവിഷനുകൾ, പഞ്ചായത്ത്, മുൻസിപ്പാലിറ്റി വാർഡുകൾ കേന്ദ്രീകരിച്ചാവും മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കുക. വാർഡ് മെംബർ/ കൗൺസിലർ, സ്ഥലം എസ് ഐ, വില്ലേജ് ഓഫീസറോ പ്രതിനിധിയോ, നാട്ടുകാരുടെ പ്രതിനിധി, തദ്ദേശഭരണസ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ, സന്നദ്ധസംഘടനയുടെ പ്രതിനിധി, അംഗൻവാടി ടീച്ചർ, കുടുംബശ്രീ പ്രതിനിധി, പെൻഷനേഴ്സ് യൂണിയൻ വാർഡിലെ ആശാവർക്കർ എന്നിവരടങ്ങുന്നതായിരിക്കും മോണിറ്ററിംഗ് സമിതി.
സമിതി അംഗങ്ങൾ അതാത് പ്രദേശങ്ങളിലെ വീടുകളുമായ ബന്ധപ്പെട്ട് രോഗസാധ്യത കൂടുതലുള്ള ആളുകളുടെ പ്രത്യേക പട്ടിക തയാറാക്കും. ഇവർക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിനായുള്ള പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തും.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ കാര്യത്തിലും മോണിറ്ററിംഗ് സമിതി ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം ആൾക്കാരുള്ള വീടുകളിലെല്ലാം സമിതിയിലെ ഒരംഗം സന്ദർശനം നടത്തുകയും കാര്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Story highlights-State Government to give special consideration to older persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here