വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് ട്രക്ക് ഡ്രൈവർക്ക്

വയനാട്ടിൽ 32 ദിവസങ്ങൾക്ക് ശേഷം കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിലുളള 52 കാരനായ ട്രക്ക് ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 26നാണ് ഇയാൾ ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയത്.
നാട്ടിൽ മടങ്ങിയെത്തിയത് മുതൽ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 29ന് സ്രവം പരിശോധനക്കായി നൽകുകയും ചെയ്തു. ഫലം ലഭിച്ചയുടൻ ഇയാളെ കൊവിഡ് കെയർ സെന്ററായ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രോഗിക്കൊപ്പം ട്രക്കിൽ സഹായിയായി ഉണ്ടായിരുന്ന ആളുൾപ്പെടെ ആറ് പേരുമായി മാത്രമാണ് സമ്പർക്കം പുലർത്തിയത്. ഇതിൽ മൂന്നുപേർ കുടുംബാംഗങ്ങളാണ്. സമ്പർക്കം കുറവായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഡോ അദീല അബ്ദുളള പറഞ്ഞു.
ജില്ലയിലെ നാലാം രോഗബാധിതനാണ് മാനന്തവാടി സ്വദേശി. രോഗം ഭേദമായ മൂന്ന് പേരും നേരത്തെ ആശുപത്രി വിട്ടിരുന്നു. 32 ദിവസങ്ങൾക്ക് ശേഷം പുതിയ കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വയനാട് ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറി. നിലവിൽ 790 പേരാണ് ജില്ലയിലാകെ ഇപ്പോൾ നിരീക്ഷണത്തിലുളളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here