കളിയിക്കാവിളയില്‍ തിരിച്ചെത്തുന്നവരെ കടത്തിവിടുന്നതിൽ ആശയക്കുഴപ്പം

ഇതരസംസ്ഥാനങ്ങളിൽ നിന്ന് നോർക്കയിൽ രജിസ്റ്റർ ചെയ്ത് നാട്ടിലേക്ക് വന്ന മലയാളികളെ കടത്തിവിടുന്നതിൽ കളിയിക്കാവിളയിൽ ആശയക്കുഴപ്പം. ലോക്ക് ഡൗണിൽ കുടുങ്ങിയവരെ കടത്തിവിടുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാഞ്ഞതാണ് കേരള-തമിഴ്‌നാട് അതിർത്തിയിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. നോർക്കയുടെ ഡിജിറ്റൽപാസുമായി എത്തിയവർ അഞ്ച് മണിക്കൂറോളം പരിശോധനാ കേന്ദ്രത്തിന് സമീപം കാത്തു നിൽകേണ്ടി വന്നു.
ലോക്ക് ഡൗണിനെ തുടർന്ന് നാഗർകോവിലിലും, മാർത്താണ്ഡത്തും കുടുങ്ങി പോയ തൃശൂർ സ്വദേശികളായ അഞ്ച് പേർ രാവിലെ ഏഴ് മണിക്ക് മുമ്പ് തന്നെ കളിയിക്കാവിളയിലെ ഇഞ്ചിവിള ചെക്ക് പോയിന്റിലെത്തി. എന്നാൽ നോർക്കയിൽ രജിസ്റ്റർ ചെയ്ത് എത്തുന്നവരെ പരിശോധിച്ച് കടത്തിവിടേണ്ട ആരോഗ്യ- റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. ചെക്ക് പോസ്റ്റിനോട് ചേർന്ന ഓഡിറ്റോറിയത്തിൽ തുടങ്ങുമെന്ന് പറഞ്ഞ പ്രത്യേക പരിശോധന കേന്ദ്രവും സജ്ജമായിരുന്നില്ല. ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ലാത്തതിനാൽ ഇവരെ എന്ത് ചെയ്യണമെന്ന് ആശയക്കുഴപ്പവുമുണ്ടായി.
also read:മടങ്ങിയെത്താനായി നോർക്കയിൽ ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്ന്
അധികൃതർക്കുണ്ടായ ആശയക്കുഴപ്പം വാർത്തയായതോടെ സാധാരണ പരിശോധന നടത്തി ഇവരെ കടത്തിവിടാൻ തീരുമാനമായി. തൃശൂരിൽ നിന്ന് വാഹനങ്ങൾ എത്താൻ വൈകുമെന്നതിനാൽ നാല് പേരെ മാർ ഇവാനിയോസിലെ കൊറോണ കെയർ സെന്ററിലേക്ക് മാറ്റി. മറ്റൊരു തൃശൂർ സ്വദേശിയും, ഒടുവിൽ വന്ന തിരുവനന്തപുരം സ്വദേശിയും വീടുകളിലേക്ക് മടങ്ങി. ഇവർ നിരീക്ഷണത്തിൽ കഴിയണം. ആശയക്കുഴപ്പം പരിഹരിച്ചതായി അധികൃതർ പിന്നീട് വ്യക്തമാക്കി. രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയായിരിക്കും മലയാളികൾക്ക് അതിർത്തി കടക്കാനുള്ള അനുമതി.
Story highlights-kaliyikkavila border,lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here