ആരോഗ്യസേതുവിൽ സുരക്ഷാ പിഴവെന്ന് ആധാറിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ ഹാക്കർ; ആരോപണം തള്ളി കേന്ദ്രം

കൊവിഡ് രോഗബാധിതരെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിൽ വൻ സുരക്ഷാ വീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കർ റോബർട്ട് ബാപ്റ്റിസ്റ്റ്. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇദേഹം ആരോഗ്യസേതുവിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് ആരോപിച്ചത്. നേരത്തെ ആധാറിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ ആളാണ് റോബർട്ട് ബാപ്റ്റിസ്റ്റ്.
‘നിങ്ങളുടെ ആപ്പിൽ ഒരു സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ ഒമ്പതു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണ്. എന്നെ വ്യക്തിപരമായി ബന്ധപ്പെടാൻ കഴിയുമോ? രാഹുൽ ഗാന്ധി പറഞ്ഞത് ശരിയായിരുന്നു.’- ആരോഗ്യസേതു ആപ്പിനെ ടാഗ് ചെയ്ത് റോബർട്ട് കുറിച്ചു. എലിയട്ട് ആൻഡേഴ്സൺ എന്ന തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
Hi @SetuAarogya,
A security issue has been found in your app. The privacy of 90 million Indians is at stake. Can you contact me in private?
Regards,
PS: @RahulGandhi was right
— Elliot Alderson (@fs0c131y) May 5, 2020
എന്നാൽ ആപ്പിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ആരോഗ്യസേതു ടീം പറയുന്നത്. എന്തൊക്കെയാണ് ആപ്പിലെ പിഴവുകൾ എന്ന് റോബർട്ട് പരസ്യമായി അറിയിച്ചിരുന്നില്ല. എന്നാൽ റോബർട്ട് ചൂണ്ടിക്കാട്ടിയ പിഴവുകൾ അക്കമിട്ട് ആരോഗ്യസേതു ടീം നിഷേധിച്ചു. വ്യക്തിവിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സംവിധാനം എന്നും ആരോഗ്യസേതു സാങ്കേതിക വിഭാഗം പറയുന്നു.
എന്നാൽ ആരോഗ്യസേതു ടീമിൻ്റെ അവകാശവാദത്തെ വെല്ലുവിളിച്ച റോബർട്ട് അടുത്ത ദിവസം വിശദമായി ഈ വിവരം പുറത്തുവിടുമെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ നാലിനു തന്നെ താൻ മറ്റൊരു പിഴവ് കണ്ടെത്തിയിരുന്നു എന്നും പുതിയ അപ്ഡേറ്റിൽ അത് പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു.
നാല് ദിവസങ്ങൾക്ക് മുൻപാണ് ആരോഗ്യസേതു ആപ്പിൻ്റെ സുരക്ഷയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചത്. സ്വകാര്യ സ്ഥാപനത്തിന് കരാർ നല്‍കി, അവര്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ആപ്ലിക്കേഷനില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആശങ്ക രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
Story highlights-arogyasetu app security threat hacker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here