വൈറസ് പ്രതിരോധം; ജാഗ്രത തുടരണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലെങ്കിലും രോഗപ്രതിരോധനത്തിനായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു. കോട്ടയം ഇപ്പോഴും റെഡ് സോണിലാണ്. മുന്‍പ് പൂര്‍ണമായും രോഗമുക്തി നേടിയ ജില്ലയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് 17 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ അതീവ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണം.
വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുന്നു. ആറ് തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി നിലനിര്‍ത്തിയിട്ടുമുണ്ട്. രോഗപ്രതിരോധത്തിനായുള്ള മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമാകുന്നതിന് എല്ലാവരും സഹകരിക്കേണ്ടതുണ്ട്.
അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. അത്യാവശ്യങ്ങള്‍ക്കല്ലാതെ പൊതുസ്ഥലങ്ങളില്‍ പോകാതിരിക്കുക. മാസ്‌ക് ഉപയോഗം, സാമൂഹിക അകലം, കൈകളുടെ ശുചീകരണം തുടങ്ങി ബ്രേക്ക് ദ ചെയിന്‍ കാമ്പയിനുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക. വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവര്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
Story Highlights: coronavirus, Lockdown, kottayam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here