കൊവിഡ് വ്യാപനം; നൈജീരിയയിലെ മലയാളികള്‍ ഭീതിയില്‍

ഗള്‍ഫില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ജന്മനാട്ടിലേക്കുള്ള മടക്കയാത്ര സ്വപ്നം കണ്ടു ഭീതിയോടെ കഴിയുകയാണ് നൈജീരിയയിലെ പ്രവാസി മലയാളികള്‍. ഇതുവരെ 700 ലധികം മലയാളികളാണ് നൈജീരിയയില്‍ നിന്നും നോര്‍ക്ക രജിസ്‌ട്രേഷന്‍ നടത്തി കാത്തിരിക്കുന്നത്. ഇനിയും ഇവിടെ നിന്നും മടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങളുടെ ജീവനുപോലും പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമാണ് എന്ന് മലയാളികള്‍ പറയുന്നു. പ്രത്യേകിച്ച് ലാഗോസില്‍.
ലാഗോസിലെ സാഹചര്യം ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ഭക്ഷ്യക്ഷാമവും മോഷണവും വര്‍ധിച്ചതിനാല്‍ കഴിഞ്ഞ ദിവസം ഇവിടെ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചിരുന്നു. അതേത്തുടര്‍ന്ന് ജനങ്ങള്‍ കൂട്ടമായി സമൂഹത്തിലേക്ക് ഇറങ്ങി. യാതൊരു മുന്‍കരുതലോ ശ്രദ്ധയോ ഇല്ലാതെയാണ് ഇവര്‍ ഇപ്പോള്‍ പുറത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ഇത് കൊവിഡ് 19 ന്റെ സമൂഹ വ്യാപനത്തിന് വഴിയൊരുക്കും എന്ന പേടിയിലാണ് ജനങ്ങള്‍.
Read More: ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് എത്തുന്നവര്‍ക്ക് നേരിട്ട് വീടുകളിലേക്ക് പോകാനാവില്ല
ഇത്തരത്തില്‍ ഒരു വ്യാപനം ഉണ്ടാവുകയോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസുഖം പിടിക്കപ്പെടുകയോ ചെയ്താല്‍ ചികിത്സിക്കുവാന്‍ ആശുപത്രികള്‍ പോലും ഇല്ല എന്നതാണ് ഇവിടെ മലയാളികള്‍ നേരിടുന്ന വലിയ ഭീഷണി. കൂടാതെ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും നാട്ടിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ പ്രതിസന്ധികള്‍ക്ക് വഴിവയ്ക്കും. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ജോലി നഷ്ടമായവരും വിസാ കാലാവധി കഴിഞ്ഞവരും പ്രതിസന്ധിയിലാണ്. കൂടാതെ തദ്ദേശീയരായവര്‍ വിദേശികളില്‍ പണം ഉണ്ടെന്നു കരുതി അവര്‍ക്കെതിരെ അക്രമണങ്ങളും നടത്തുന്നുണ്ട്.
ലാഗോസ്, അബുജ, കാനോ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്നത്. കാനോയില്‍ കഴിഞ്ഞയാഴ്ച ‘നിഗൂഢ രോഗം പിടിപെട്ട് മരിച്ചു’ എന്ന പേരില്‍ ആയിരത്തിലധികം ആളുകളെ കൂട്ട ശവസംസ്‌കാരം നടത്തുകയും ചെയ്തിരുന്നു. ഇത്തരം പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഇവിടുത്തെ മലയാളികള്‍ പേടിയോടെ കഴിയുന്നത്. മലയാളികളെ നാട്ടിലെത്തിക്കാന്‍ പറ്റാവുന്ന വഴികള്‍ എല്ലാം മുട്ടിനോക്കുകയാണ് കേരളാ സമാജം നൈജീരിയ ഭാരവാഹികള്‍. ഇതിനായി ഇന്ത്യന്‍ എംബസി, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, കേരളാ ഗവണ്‍മെന്റ് തുടങ്ങിയവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചതായി സമാജം സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: coronavirus, nigeria, Lockdown,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here