400 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാംദേവ് ഇന്റർനാഷണൽ; നാല് വർഷങ്ങൾക്ക് ശേഷം പരാതിപ്പെട്ട് എസ്ബിഐ

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 400 കോടി രൂപ ബാങ്ക് വായ്പയെടുത്ത് വ്യവസായികൾ മുങ്ങിയതായി പരാതി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ്മതി അരി കയറ്റുമതി കമ്പനിയായ രാം ദേവ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ഉടമകളാണ് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയത്. എസ്ബിഐയാണ് പരാതി നൽകിയിരിക്കുന്നത്.
2016 മുതൽ കമ്പനി ഉടമയെ കണാനില്ലെന്ന് എസ്ബിഐ നൽകിയ പരാതിയിൽ പറയുന്നു. ഫെബ്രുവരി 15നാണ് എസ്ബിഐ പരാതിപ്പെടുന്നത്. തുടർന്ന് ഏപ്രിൽ 28ന് സിബിഐ കേസെടുത്തു. 173.11 കോടി രൂപയാണ് രാം ദേവ് ഇന്റർനാഷണൽ എസ്ബിഐയിൽ നിന്ന് വായ്പയായി എടുത്തത്. കാനറാ ബാങ്കിൽ നിന്ന് 76.09 കോടി രൂപയും, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 64.31 കോടിയും, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 51.31 കോടി രൂപയും, 36.91 കോടി രൂപ കോർപറേഷൻ ബാങ്കിൽ നിന്നും, 12.27 കോടി രൂപ ഐഡിബിഐ ബാങ്കിൽ നിന്നും രാം ദേവ് ഇന്റർനാഷണൽ വായ്പയെടുത്തിട്ടുണ്ട്.
കമ്പനി ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത എന്നിവർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. 2016 ജനുവരി 27ന് നോൺ പർഫോമിംഗ് അസറ്റായി കമ്പനിയുടെ അക്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ കമ്പനിക്കെതിരെ ഒരു വർഷത്തിന് മുമ്പേ തന്നെ കെസ് ഫയൽ ചെയ്തിട്ടുണ്ട്. മുസദി ലാൽ കൃഷ്ണ ലാൽ എന്ന സ്ഥാപനത്തിന് രാം ദേവ് ഇന്റർനാഷണൽ 30 ലക്ഷം രൂപ നൽകാനുണ്ടെന്നാണഅ പരാതി. കമ്പനിയുടെ മൂന്ന് ഡയറക്ടർമാർക്കുമെതിരെ ട്രൈബ്യൂണൽ മൂന്ന് തവണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇവരെ കണ്ടെത്താനായില്ല. ഇവർ ദുബായിലേക്ക് കടന്നുവെന്നാണ് സൂചന.
Story Highlights- Another Bank Defaulter Flees Country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here