Advertisement

കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തണ്ണിത്തോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നിരോധനാജ്ഞ

May 9, 2020
1 minute Read
tiger attack

കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട കോന്നി താലൂക്കില്‍ തണ്ണിത്തോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ പി ബി നൂഹ് അറിയിച്ചു. തണ്ണിത്തോട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അഞ്ചുകുഴി, രണ്ടാം വാര്‍ഡ് പഞ്ചായത്തുപടി എന്നീ പ്രദേശങ്ങളിലാണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപി‌ച്ചിരിക്കുന്നത്.

വീണ്ടും കടുവയുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും കടുവ മനുഷ്യവാസ മേഖലയില്‍ ഇറങ്ങുന്ന സന്ദര്‍ഭങ്ങളില്‍ പ്രദേശത്ത് 144 പ്രഖ്യാപിക്കണമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശമുണ്ടെന്നും റാന്നി ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുകയോ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനോ പാടില്ല. ഉത്തരവിന് മെയ് 15ന് അര്‍ധരാത്രിവരെ പ്രാബല്യം ഉണ്ടായിരിക്കും.

നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കടുവ യുവാവിനെ ആക്രമിച്ച് കൊന്ന സ്ഥലത്ത് വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചു. പ്രദേശത്തെ ജനവാസ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനും ജാഗ്രതാ നിര്‍ദേശങ്ങള്‍ അനൗണ്‍സ്‌മെന്റ് നടത്തി ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. ഡ്രോണ്‍ നിരീക്ഷണം ശക്തിപ്പെടുത്തി കടുവയ്ക്കായി തെരച്ചില്‍ ശക്തിപ്പെടുത്തും. സായുധരായ പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംയുക്തമായി സുരക്ഷ ശക്തമാക്കും.

കടുവയെ കാണപ്പെട്ട സ്ഥലത്തിന്റെ സമീപ വാര്‍ഡുകളിലെ പഞ്ചായത്തംഗങ്ങളെ ഉള്‍പ്പെടുത്തി ഇതുവരെ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കും. കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നതിനും കണ്‍ട്രോള്‍ റും തുറക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Story Highlights: tiger attack, Pathanamthitta district,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top