തണ്ണിത്തോട്ടിൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്

പത്തനംതിട്ട തണ്ണിതോട്ടിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം കെ യു ജനീഷ് കുമാർ എംഎൽഎ യുടെ നേതൃത്വത്തിൽ നടത്തിയ ഹെലിക്യാം നിരീക്ഷണത്തിലാണ് കടുവയെ കണ്ടെത്തിയത്. കടുവയെ പിടികൂടാൻ തണ്ണിത്തോട് മേടപ്പാറയിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസമാണ് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചു കൊന്നത്. ഈ സാഹചര്യത്തിലാണ് കടുവയെ കണ്ടെത്താൻ കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഹെലിക്യാം നിരീക്ഷണം നടത്തിയത്. ഈ പരിശോധനയിൽ കടുവ ക്യാമറയിൽ പതിഞ്ഞു. ഇതോടെ കനത്ത ജാഗ്രതയിലും ഭീതിയിലുമാണ് പ്രദേശവാസികൾ.
കടുവയുടെ സാന്നിധ്യം കണ്ടെത്തിയ തണ്ണിത്തോട് പഞ്ചായത്തിലെ ഒന്ന്,രണ്ട് വാർഡുകളിൽ കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കടുവയെ പിടികൂടാൻ മൂന്ന് സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. പുനലൂർ വനം ഡിവിഷനിലെ പുന്നല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നാണ് കൂട് എത്തിച്ചത്. മേടപ്പാറ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഇടുക്കി സ്വദേശി വിനീഷ് മാത്യുവാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ടാപ്പിംഗിനായി എത്തിയപ്പോഴാണ് കടുവയുടെ ആക്രമണത്തിന് ഇയാൾ ഇരയായത്. കാണാതായപ്പോൾ തെരഞ്ഞുപോയ ആളാണ് മാത്യുവിന്റെ മൃതദേഹം കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയത്.
thannithodu, tiger, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here