കേരളാ മെഡിക്കൽ- എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ ജൂലായിൽ

ഈ വർഷത്തെ കേരളത്തിലെ എഞ്ചിനീയറിംഗ്- മെഡിക്കൽ പ്രവേശന പരീക്ഷകൾ ജൂലായ് 16ന് നടത്തുമെന്ന് മുഖ്യമന്ത്രി. രാവിലെയും ഉച്ചയ്ക്കുമായിട്ടായിരിക്കും പരീക്ഷ നടക്കുക. കൂടാതെ സ്‌കൂളുകളിൽ ജൂൺ ഒന്ന് തൊട്ട് ക്ലാസുകൾ തുടങ്ങും. ഓൺലൈനായി ആയിരിക്കും ക്ലാസ് നടത്തുക. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
സ്‌കൂളുകളുടെ സാധാരണ നിലയിലുള്ള പ്രവർത്തനം തുടങ്ങുന്നതിനെ കുറിച്ച് പിന്നീട് തീരുമാനം ഉണ്ടാകും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി. എൻട്രൻസ് പരീക്ഷയുടെ കേന്ദ്രങ്ങൾ മാറ്റാൻ പരീക്ഷാർത്ഥികൾക്ക് ഒരു അവസരം കൂടി നൽകും. നിലവിൽ കേരളത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മാറ്റം വരുത്താനായാണ് ഈ അവസരം.
കൂടാതെ എൽഎൽബി മൂന്നാം വർഷം, അഞ്ചാം വർഷം പരീക്ഷകളും ജൂൺ 13,14 തിയതികളിൽ നടത്തും. ജൂൺ 21ന് എംബിഎ, ജൂലായ് നാലിന് എംസിഎ പരീക്ഷകളും ഉണ്ടാകും. ഇവയെല്ലാം ഓൺലൈനായിട്ടായിരിക്കും നടത്തുകയെന്നും മുഖ്യമന്ത്രി. പോളിടെക്‌നിക്ക് ലാറ്ററൽ എൻട്രി പരീക്ഷ പ്രത്യേകം നടത്തില്ല. പ്രവേശനം മാർക്ക് അടിസ്ഥാനത്തിലായിരിക്കും. പോളി ടെക്‌നിക്ക് കോളജുകളിലെ അവസാന സെമസ്റ്റർ പരീക്ഷയും ജൂണിലുണ്ടാകുമെന്നും മുഖ്യമന്ത്രി.
keam, entrance exam, chief minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here