Advertisement

സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

May 14, 2020
1 minute Read

ഡല്‍ഹി – തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തയാറാക്കിയിരിക്കുന്നത്. 20 ബോഗികളുള്ള ട്രെയിനിന്റെ മുന്നിലെയും പിന്നിലെയും ബോഗികള്‍ വഴി ഒരു സമയം 20 പേരെ വീതം സാമൂഹ്യ അകലം പാലിച്ച് പുറത്തിറക്കാന്‍ ആര്‍പിഎഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇങ്ങനെ പുറത്തിറക്കുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ ഡോകടര്‍മാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങിയ പത്ത് ഹെല്‍ത്ത് ഡെസ്‌കുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ പരിശോധന കൂടാതെ ക്വാറന്റീനില്‍ കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ ലഘുലേഖ നല്‍കും. എക്‌സിറ്റ് പാസിന് അപേക്ഷിക്കാതെ ട്രെയിനിലെത്തിയ യാത്രക്കാര്‍ക്ക് പാസ് അനുവദിക്കുന്നതിന് റെവന്യു വകുപ്പിന്റെ 10 ഹെല്‍പ് ഡെസ്‌കുകളും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ആരോഗ്യ, റെവന്യു, പൊലീസ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പുകളിലെയും റെയില്‍വേയിലെയും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ഇത് നിര്‍വഹിക്കാന്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

യാത്രക്കാര്‍ക്ക് പുറത്ത് ഇറങ്ങുന്നതിനായി നാല് എക്‌സിറ്റ് ഗേറ്റുകളാണ് സ്റ്റേഷനില്‍ നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാരെ സ്വകാര്യ വാഹനങ്ങളും വാടകയ്ക്ക് വിളിക്കുന്ന വാഹനങ്ങളിലും കെഎസ്ആര്‍ടിസി ബസുകളിലും ആവശ്യമായ സ്ഥലത്ത് എത്തിക്കുന്നതിന്റെ ചുമതല ആര്‍ടിഒയ്ക്കാണ്. മറ്റ് ജില്ലകളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് അതാത് ജില്ലകളിലെ ഗതാഗത ക്രമീകരണങ്ങളും ഇതുമായി ബന്ധപ്പെട്ട് ഒരുക്കും. യാത്രക്കാരെ കൊണ്ട് പോകുന്നതിനായി വരുന്ന വാഹങ്ങളുടെ പാര്‍ക്കിംഗ് ഉള്‍പ്പടെയുള്ള ട്രാഫിക് ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യാത്രക്കാരുടെ തുടര്‍ന്നുള്ള നിരീക്ഷണത്തിനായി ഓരോ താലൂക്ക് തലത്തിലും എത്ര യാത്രക്കാരാണ് എത്തുന്നതെന്നും അവരുടെ വിവരങ്ങളും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറും. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നഗരസഭ ഒരുക്കിയിട്ടുണ്ട്.

Story Highlights: coronavirus, Indian railway,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top