ട്വന്റിഫോര്‍ അങ്ങനെ പറഞ്ഞിട്ടില്ല; പ്രചരിക്കുന്ന വ്യാജരേഖയ്ക്ക് പിന്നിലെ സത്യം [24 Fact Check]

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് കാല സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിനെക്കുറിച്ച് ട്വന്റിഫോര്‍ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി പ്രചരിക്കുന്നു. രാജീവ് യു എന്നയാളാണ് വ്യാജപ്രചാരണം നടത്തുന്നത്. ട്വന്റിഫോറിന്റെ സംപ്രേഷണ ദൃശ്യം എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജമായി ചമച്ച് ആണ് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ട്വന്റിഫോറിന്റെ വാര്‍ത്ത റിപ്പോര്‍ട്ടിംഗിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ ബ്രേക്കിംഗ് ന്യൂസുകള്‍ കാണിക്കുന്ന ടിക്കര്‍ ഭാഗം വ്യാജമായി നിര്‍മിച്ച് ചേര്‍ത്തതാണ് പ്രചരിപ്പിക്കുന്നത്. അതില്‍ ‘135 കോടി ജനങ്ങള്‍ക്ക് 20 ലക്ഷം കോടി രൂപ മാത്രം. ബാക്കി 115 കോടി ജനങ്ങളുടെ കാര്യത്തില്‍ മോദിക്ക് മൗനം’ എന്ന് കാണുന്നത് ട്വന്റിഫോര്‍ സംപ്രേഷണം ചെയ്തതല്ല. ഫോട്ടോഷോപ്പ് ചെയ്ത് വ്യാജമായി ചമച്ചതാണ്.
ട്വന്റിഫോറിന്റെ സംപ്രേഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് 12 മെയ് 2020 രാത്രി 10.09 ന് എടുത്തിട്ടുള്ളതാണ്. ഈ സമയം ‘വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം’ എന്ന ബ്രേക്കിംഗ് ടിക്കര്‍ തലക്കെട്ടില്‍ ആണ് വാര്‍ത്ത നല്‍കിക്കൊണ്ടിരുന്നത്.
ഈ സ്‌ക്രീന്‍ ഫ്രെയിമിന്റെ താഴെ മൂന്ന് ലെയറുകളായാണ് ട്വന്റിഫോര്‍ ടിക്കര്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ ലെയര്‍ ആസ്റ്റണ്‍ ആണ്. ദൃശ്യങ്ങളില്‍ കാണുന്ന വാര്‍ത്തയുടെ സൂചന നല്‍കുന്ന വിവരണം. ”ലോക്ക് ഡൗണ്‍ നാലാംഘട്ടത്തിലേക്ക് നീളുമെന്ന് സൂചന” എന്നത് വെള്ള പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങളില്‍ നല്‍കിയിരിക്കുന്നു.
Read More: ട്വന്റിഫോറിന്റെ പേരില്‍ വ്യാജവാര്‍ത്ത ചമച്ച സംഭവത്തില്‍ നിയമ നടപടി
രണ്ടാമത്തേത് ബ്രേക്കിംഗ് ടിക്കര്‍ ഹെഡ് ആണ്. ‘വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം’ എന്ന് അതില്‍ ചുവന്ന ബാക്ക് ഗ്രൗണ്ടില്‍ വെളുത്ത അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മൂന്നാമത്തെ ലെയര്‍ ടിക്കര്‍ ബ്രേക്കിംഗ് ന്യൂസാണ്. അതില്‍ ‘സര്‍വകലാശാലകളിലും കോളജുകളിലും പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ തീരുമാനം’ എന്നാണ് നല്‍കിയിരിക്കുന്നത്. അതിന്റെ ലെഔട്ട് ലെഫ്റ്റ് അലൈന്‍ഡ് ആണ്. അതായത് ഇടതു ഭാഗം ചേര്‍ന്നാണ് വരികള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.
മുകളില്‍ ബുള്ളറ്റിന്‍ ടൈറ്റില്‍ ‘ലേറ്റസ്റ്റ് ന്യൂസ്’ എന്നും, തീയതി ‘May 12 Tue ‘ എന്നും കാണാം.
അതേസമയം, സമൂഹ മാധ്യമങ്ങളില്‍ രാജീവ് യു ( Rajeev U ) തെറ്റായി പ്രചരിപ്പിക്കുന്ന സ്‌ക്രീന്‍ഷോട്ടില്‍ ട്വന്റിഫോറിന്റെ യഥാര്‍ത്ഥ ടിക്കറിലെ മൂന്നാമത്തെ ലെയര്‍ മറച്ചുകൊണ്ട് ,ട്വന്റിഫോറിന്റേത് എന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കുന്ന വിധത്തില്‍ ‘135 കോടി ജനങ്ങള്‍ക്ക് 20 ലക്ഷം കോടി രൂപ മാത്രം. ബാക്കി 115 കോടി ജനങ്ങളുടെ കാര്യത്തില്‍ മോദിക്ക് മൗനം’ എന്ന് ചേര്‍ത്തിരിക്കുന്നു. ഇത് വ്യാജമായി നിര്‍മിച്ചതാണ്.
ട്വന്റിഫോര്‍ ചാനലിന്റെ ടിക്കറില്‍ ഉപയോഗിക്കാനായി അനുകരിക്കാന്‍ പ്രയാസമുള്ള ഒരു ഫോണ്ട് സ്വന്തമായുണ്ട്. ഇത് ട്വന്റിഫോറിന് മാത്രമായി വികസിപ്പിച്ചിട്ടുള്ളതാണ്. വ്യാജമായി ചമച്ചിട്ടുള്ള കാര്‍ഡില്‍ മറ്റൊരു ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്.
Story Highlights: 24 news, fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here