കൊവിഡ് മാർഗനിർദേശ ലംഘന വിവാദം: മെഡിക്കൽ ബോർഡിന്റെ ശുപാർശ അംഗീകരിക്കുമെന്ന് മന്ത്രി എസി മൊയ്തീൻ

കൊവിഡ് മാർഗനിർദേശം ലംഘിച്ചെന്ന വിവാദത്തിൽ മെഡിക്കൽ ബോർഡിന്റെ ശുപാർശ അംഗീകരിക്കുമെന്ന് മന്ത്രി എസി മൊയ്തീൻ. അത്യാവശ്യ യോഗങ്ങളിൽ മാത്രമാണ് പങ്കെടുക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്നെത്തിയവരെ നിരീക്ഷണത്തിൽ പാർപ്പിച്ച ഗുരുവായൂരിലെ ഹോട്ടൽ മന്ത്രി എസി മൊയ്തീൻ സന്ദർശനം നടത്തിയിരുന്നു. പിന്നീട് അവിടെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരികരിച്ചിരുന്നു. എന്നാൽ എസി മൊയ്തീൻ നിരീക്ഷണത്തിൽ പോകേണ്ട കാര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
വാളയാറിൽ സമരത്തിനെതിയ ജനപ്രതിനിധികൾക്ക് ക്വറന്റീനിൽ പോകാൻ നിർദേശം ലഭിച്ചതിന് പിന്നാലെ, മന്ത്രി എസി മൊയ്തീനും ക്വറന്റീനിൽ പോകണമെന്ന ആവശ്യം ഉയർന്നിരുന്നു. ഗുരുവായൂരിൽ വിദേശത്ത് നിന്നെത്തിയവരെ പാർപ്പിച്ച ഹോട്ടലിൽ മന്ത്രി എത്തിയത് ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്ത് എത്തിയത്. എന്നാൽ മെഡിക്കൽ ബോർഡിന്റെ ശുപാർശ അനുസരിക്കുമെന്നും നിലവിൽ അത്യാവശ്യ യോഗങ്ങളിൽ മാത്രമാണ് പങ്കെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വാളയാറിൽ
നടന്നത് രാഷ്ട്രീയ നാടകമാണെന്നും മന്ത്രി എസി മൊയ്തീൻ ക്വാറന്റീനിൽ പോകേണ്ട കാര്യമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
വാളയാറിലെത്തിയ ജനപ്രതിനിധികൾക്കെതിരെ പകർച്ചവ്യാധിനിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ വാളയാർ പൊലീസിൽ പരാതി നൽകി. മന്ത്രി കൊവിഡ് നിരീക്ഷണം ലംഘിച്ചെന്നാരോപിച്ച് എസി മൊയ്തീന്റെ വീടിന് മുൻപിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Story Highlights- will accept medical board recommendation says minister ac moideen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here