കൊവിഡ് നിർദേശം ലംഘിച്ചു; ബംഗളൂരുവിൽ നിന്ന് കോട്ടയത്തെത്തിയ യുവാക്കൾക്കും ബസ് ഡ്രൈവർക്കുമെതിരെ കേസെടുക്കും

ബംഗളൂരുവിൽ നിന്നെത്തി കൊവിഡ് പ്രതിരോധ നിർദേശങ്ങൾ ലംഘിച്ച് കോട്ടയം നഗരത്തിൽ സഞ്ചരിച്ച യുവാക്കൾക്കും ഇവരെ കൊണ്ടുവന്ന ബസ് ഡ്രൈവർക്കുമെതിരെ കേസെടുക്കും. കുമളി ചെക് പോസ്റ്റിൽ നിന്ന് ടൂറിസ്റ്റ് ബസിൽ എത്തിയ അടൂർ സ്വദേശി വിനോദ് (33), നെടുമുടി പൊങ്ങ സ്വദേശി ജീവൻ(20) എന്നിവർക്കെതിരെ നടപടി സ്വീകരിക്കാനാണ് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് നിർദേശം നൽകിയത്.
നാട്ടിലെത്തുന്നതിനുള്ള പാസ് ഇവരുടെ കൈവശമുണ്ടായിരുന്നെങ്കിലും ബസ് ഡ്രൈവർ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ഇറക്കിവിടുകയായിരുന്നെന്ന് യുവാക്കൾ പറയുന്നു. പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടാൽ ഇവിടെ നിന്നുള്ള യാത്രയ്ക്ക് ക്രമീകരണം ഏർപ്പെടുത്തുമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഇവർ ആദ്യം പൊലീസ് സ്റ്റേഷനിലും പിന്നീട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലും എത്തി.
read also: രാജ്യത്ത് കൊവിഡ് ബാധിതർ 82,000 ലേക്ക്; മരണം 2,600 കടന്നു
പൊലീസ് ഉദ്യോഗസ്ഥർ വിശദ വിവരങ്ങൾ അന്വേഷിച്ചപ്പോൾ കർണാടകത്തിൽ നിന്ന് എത്തിയതാണെന്ന് വ്യക്തമായി. തുടർന്ന് ഇരുവരെയും അതിരമ്പുഴയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചു. ഇവരെ കോട്ടയത്ത് ഇറക്കിയ ബസ് പിറവം പൊലീസ് പിടികൂടി. സർക്കാർ നിർദേശം ലംഘിക്കുന്നവർക്കെതിരെ സാംക്രമിക രോഗ നിയന്ത്രണ നിയമപ്രകാരമാണ് കേസെടുക്കുക.
Story highlights- corona virus, bengaluru, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here