പശ്ചിമ ബംഗാളിലെ വർഗീയ സംഘർഷത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം [24 Fact Check]

പശ്ചിമ ബംഗാളിലുണ്ടായ വർഗീയ സംഘർഷത്തിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ വീഡിയോ. യഥാർത്ഥത്തിൽ രാജ്യത്തിന് പുറത്ത് നടന്ന സംഭവത്തെയാണ് മത സ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
പശ്ചിമ ബംഗാളിലെ തെലിനിപറ എന്ന സ്ഥലത്ത് ദിവസങ്ങൾക്ക് മുൻപ് ഒരു വർഗീയ സംഘർഷം നടന്നു. രണ്ട് സമുദായത്തിൽപ്പെട്ടവർ തമ്മിലുള്ള പ്രശ്‌നം വർഗീയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണം. ബംഗാളിലെ ഹിന്ദുക്കളെ മുസ്ലീങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നോക്കൂ എന്ന തലക്കെട്ടോടെ ഒരു വീഡിയോ ട്വിറ്ററിൽ പ്രചരിച്ചു. ഇത് പങ്കുവച്ചതാകട്ടെ വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ മിലിന്ദ് പരാദെയും വിജയ് ശങ്കർ തിവാരിയും. അവരിൽ നിന്ന് നിരവധി പേരിലേക്ക് വീഡിയോ എത്തി.
read also:തിരുവനന്തപുരത്ത് മെഡിക്കൽ സ്റ്റോറിൽ കയറി എസ്‌ഐയുടെ അതിക്രമം; വീഡിയോ
ഗൂഗിൾ റിവേഴ്‌സ് ഇമേജ് വഴി വീഡിയോയുടെ സ്‌ക്രീൻ ഷോട്ട് പരിശോധിച്ചപ്പോൾ ഒരു വർഷം മുൻപ് ബംഗ്ലാദേശിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് ആ വീഡിയോ എന്ന് മനസിലായി. ഏതെങ്കിലും മത വിഭാഗവുമായി വീഡിയോയ്ക്ക് ബന്ധവുമില്ല. ഓട്ടോറിക്ഷ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം കൈകാര്യം ചെയ്യുന്നതാണ് പശ്ചാത്തലം. വീഡിയോയിലുള്ള സംഭാഷണത്തിൽ ഇക്കാര്യം വ്യക്തമാണ്. സംഭവം നടക്കുന്ന സമയത്ത് ബംഗ്ലാദേശിലേതെന്ന പേരിൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.
story highlights- west bengal, thelinipara, communal violence, fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here