അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരുമായുള്ള കപ്പൽ കൊച്ചിയിലേയ്ക്ക്; ജൂൺ 20ന് എത്തിയേക്കും

കൊവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ അമേരിക്കയിൽ നിന്ന് ഇന്ത്യൻ ജീവനക്കാരുമായി പുറപ്പെട്ട കപ്പൽ കൊച്ചിയിലേയ്ക്ക്. 150 മലയാളികളെ ജൂൺ 20ന് കൊച്ചിയിലെത്തിക്കുമെന്ന് റോയൽ കരിബീയൻ ഇൻ്റർനാഷണൽ അധികൃതർ അറിയിച്ചു. ജൂൺ 12ന് മുംബൈയിലെത്തുന്ന 3100 യാത്രക്കാരെയും കൊവിഡ് പരിശോധന നടത്തിയ ശേഷമാകും സ്വദേശങ്ങളിലേയ്ക്ക് എത്തിക്കുക.
അമേരിക്കയിൽ കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ ഈ മാസം 10 നാണ് റോയൽ കരിബീയൻ ഇൻ്റർനാഷണലിൻ്റെ 18 കപ്പലുകളിലെ ജീവനക്കാരുമായി മയാമിയിൽ നിന്ന് കപ്പൽ യാത്ര പുറപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ മൂവായിരത്തോളം ഇന്ത്യക്കാരാണ് ആന്തം ഓഫ് ക്രൂസ് എന്ന കപ്പലിലുള്ളത്. കപ്പൽ ഗോവയിൽ എത്തി ജീവനക്കാരെ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ 150 മലയാളികളുടെയും അപേക്ഷ പരിഗണിച്ചാണ് കൊച്ചി തുറമുഖത്ത് എത്തിക്കുന്നത്.
read also:കൊവിഡ് വാക്‌സിൻ വികസിപ്പിച്ചാലും ഇല്ലെങ്കിലും അമേരിക്കയിലെ നിയന്ത്രണങ്ങൾ നീക്കും: ട്രംപ്
ജൂൺ 12ന് ഇന്ത്യയിലെത്തുന്ന കപ്പൽ ആറു ദിവസം മുംബൈയിൽ ഉണ്ടാകും. അവിടെ വച്ച് മുഴുവൻ യാത്രക്കാർക്കും കൊവിഡ് പരിശോധന നടത്തും. പരിശോധന ഫലം ലഭിച്ചശേഷമാകും മുംബൈയിൽ നിന്ന് യാത്ര തുടരുക. ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ അവരെ ക്വാറന്റീൻ ചെയ്യാനാണ് നടപടി. ജൂൺ 18ന് മുംബൈയിൽ നിന്ന് തിരിക്കുന്ന ആന്തം ഓഫ് ക്രൂസ് പിറ്റേന്ന് ഗോവയിൽ യാത്രക്കാരെ ഇറക്കിയ ശേഷം കൊച്ചിയിലേയ്ക്ക് മലയാളികളുമായി പുറപ്പെടും. നാട്ടിൽ എത്തുന്ന യാത്രക്കാരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശമുണ്ട്.
story highlights- corona virus, US ship, royal caribbean international
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here