കാലവർഷം: കൊവിഡ് രോഗികൾക്ക് പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കും

കാലവർഷക്കാലത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവരിൽ കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റി താമസിപ്പിക്കാനായി മുറിയോട് ചേർന്ന് ടോയ്ലറ്റ് സംവിധാനം ഉള്ള കെട്ടിടങ്ങൾ കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. ചുരുങ്ങിയത് നാല് എന്ന കണക്കിൽ അടിയന്തിരഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ ആവശ്യമായ കെട്ടിടങ്ങൾ ഓരോ തദ്ദേശ സ്ഥാപനവും കണ്ടെത്തി നൽകണം.
കൂടാതെ, കൊവിഡ് ഹോം ക്വാറന്റീനിൽ കഴിയുന്ന വ്യക്തികളെ താമസിപ്പിക്കാനായി മുറിയോട് ചേർന്ന് ടോയ്ലറ്റ് സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങൾ കണ്ടെത്തണം. ഹോം ക്വാറന്റീൻ സമയം കഴിയുന്ന മുറയ്ക്ക് ഇവരെ ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ പൊതുക്യാമ്പുകളിൽ താമസിപ്പിക്കും. പൊതുവായ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താനായുള്ള കെട്ടിടത്തിന് പുറമെ 60 വയസിന് മുകളിലുള്ളവരെ പ്രത്യേകം പാർപ്പിക്കാനായി മറ്റൊരു കെട്ടിടം കൂടി സജ്ജമാക്കും.
കൊവിഡ് രോഗികളുടെയും ഹോം ക്വാറന്റീനിൽ കഴിയുന്നവരുടെയും ക്യാമ്പുകൾ പ്രത്യേക ക്യാമ്പസിൽ ആവുന്നതാണ് ഉചിതമെന്ന് നിർദേശമുണ്ട്. മറ്റ് രണ്ട് ക്യാമ്പുകൾ ഒരു ക്യാമ്പസിലുമാവാം. ഹോം ക്വാറന്റീനിൽ കഴിയുന്നവരെ തദ്ദേശ സ്ഥാപനങ്ങൾ മുൻകൂട്ടി കണ്ടെത്തി വയ്ക്കണം. കൊവിഡ് രോഗികൾക്കും ക്വാറന്റീനിൽ ഉള്ളവർക്കുമായി ആരോഗ്യ വകുപ്പ് പ്രത്യേക നടപടിക്രമം പുറത്തിറക്കും. ഹോം ക്വാറന്റീനിൽ കഴിയുന്ന വ്യക്തികളുടെ രക്ഷാപ്രവർത്തനത്തിന് ആരോഗ്യപ്രവർത്തകർ കൂടി ഉൾപ്പെട്ട സംഘത്തെ മാത്രമേ നിയോഗിക്കാവൂ. ഇവരെ രക്ഷിക്കാൻ പോവുന്നവർ നിർബന്ധമായും വ്യക്തിഗത സുരക്ഷാ സംവിധാനം ഉറപ്പാക്കണം.
ക്യാമ്പുകളിൽ നിർബന്ധമായി എല്ലാവരും എപ്പോഴും മാസ്‌ക് ധരിക്കണം. അംഗങ്ങൾ സന്ദർശകരെ ഒഴിവാക്കണം. ശാരീരിക അകലം പാലിക്കണം. ക്യാമ്പിൽ കൈകഴുകുന്നതിനുള്ള സംവിധാനം, വസ്ത്രങ്ങൾ അണുവിമുക്തമാക്കാനും കഴുകുന്നതിനും സൗകര്യം എന്നിവ വേണം. പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകർ ദിവസേന ക്യാമ്പിലുള്ള എല്ലാവരേയും നിരീക്ഷിച്ച് കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരുണ്ടെങ്കിൽ പിഎച്ച്സി ഡോക്ടർക്ക് റിപ്പോർട്ട് ചെയ്യണം. ഇവരെ രോഗലക്ഷണം ഉള്ളവർക്കായുള്ള കെട്ടിടത്തിലേക്ക് മാറ്റും. പരിശോധനാഫലം പോസിറ്റീവായാൽ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റും. ഇതുസംബന്ധിച്ച് സന്നദ്ധ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും ഉൾപ്പെടെ വിശദമായ മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു.
read also:കൊവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടത് എങ്ങനെ?
ശുചിത്വ-മാലിന്യ പരിപാലനത്തിനും ഭക്ഷണ ക്രമീകരണത്തിനും മാർഗനിർദേശങ്ങൾ നൽകി. കൊവിഡിന്റെ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലെ തിക്കും തിരക്കും ഒഴിവാക്കാനായി 2018, 2019 പ്രളയ മേഖലയിലെ താമസക്കാർ, പ്രത്യേകിച്ച് കുട്ടികൾ, ഗർഭിണികൾ, മുതിർന്നവർ, ദീർഘകാല രോഗബാധിതർ ബന്ധുക്കളുടെയോ സുഹൃത്തുകളുടെയോ സുരക്ഷിതമായ സ്ഥലങ്ങളിലെ വീടുകളിലേക്ക് മാറി താമസിക്കുന്നത് പ്രോത്സാഹിപ്പിക്കും.
story highlights: Monsoon Special relief camp for Covid patients
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here