കോളജുകള്‍ ജൂണ്‍ ഒന്നിനു തുറക്കും; തുടക്കത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍: മുഖ്യമന്ത്രി

ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ ഒന്നിനു തന്നെ കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ക്കുള്ള ക്രമീകരണത്തിനായി പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കാളികളാകുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തണം. സര്‍വകലാശാല പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യ പ്രദമായ രീതിയില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ച് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഓണ്‍ലൈന്‍ പഠനരീതി ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിക്ടേഴ്‌സ് ചാനല്‍ പോലെ ടിവി, ഡിടിഎച്ച്, റേഡിയോ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Colleges open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here