രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധന; മഹാരാഷ്ട്രയിൽ എണ്ണം 40000 കടന്നു; ഗുജറാത്തിൽ എണ്ണം പതിമൂവായിരത്തിലേക്ക്

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധന. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 40000 കടന്നു. മുംബൈയിൽ 1382 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 776 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ കൊവിഡ് കേസുകൾ പതിമൂവായിരത്തിലേക്ക് അടുക്കുകയാണ്. ഏഴ് ഉദ്യോഗസ്ഥർക്ക് കൊവിഡ് പിടിപ്പെട്ടതിനെ തുടർന്ന് പടിഞ്ഞാറൻ ഡൽഹിയിലെ പൊലീസ് കൺട്രോൾ റൂം അടച്ചുപൂട്ടി.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ വലിയതോതിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 2345 പോസിറ്റീവ് കേസുകളും 64 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 41,642ഉം മരണം 1454ഉം ആയി. മുംബൈയിലാണ് രോഗവ്യാപനം കൂടുതൽ. 25317 പോസിറ്റീവ് കേസുകളും 882 മരണവും റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ 47 പേർക്ക് കൂടി രോഗം പിടിപ്പെട്ടു.
തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 776 പുതിയ കേസുകളും ഏഴ് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽ മാത്രം 567 പുതിയ രോഗികൾ. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 13,967ഉം, മരണം 94ഉം ആയി. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 371 കേസുകളും 24 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 12910ഉം, മരണം 733ഉം ആയി ഉയർന്നു.
ഡൽഹിയിൽ 571 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 11659 ആയി. രാജസ്ഥാനിൽ 212 പേർ കൂടി രോഗബാധിതരായി. ആകെ പോസിറ്റീവ് കേസുകൾ 6227 ആയി ഉയർന്നു.
Story highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here