കർഷകരുടെ വായ്പാ തിരിച്ചടവിന് കേന്ദ്രത്തോട് സാവകാശം ചോദിച്ച് മുഖ്യമന്ത്രി

കർഷകരുടെ വായ്പാ തിരിച്ചടവിന് കേന്ദ്രത്തോട് സാവകാശം ചോദിച്ച് മുഖ്യമന്ത്രി. കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ എടുത്ത കാർഷിക വായ്പയുടെ തിരിച്ചടവിനാണ് സാവകാശം തേടിയത്.
കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ എടുത്ത കാർഷിക വായ്പയുടെ തിരിച്ചടവിന് ഓഗസ്റ്റ് 31 വരെ സാവകാശം നൽകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമാറിനോട് ആവശ്യപ്പെട്ടിട്ടതായി മുഖ്യമന്ത്രി അറിയിച്ചു. കുറഞ്ഞ പലിശ നിരക്കിൽ കാർഷിക വായ്പ തിരിച്ചടയ്ക്കുന്നതിന് ലോക്ക്ഡൗൺ കണക്കിലെടുത്ത് ജൂൺ 30 വരെ സാവകാശം നൽകണമെന്ന് മാർച്ചിൽ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് മെയ് 31 വരെ കേന്ദ്രം കാലാവധി നീട്ടിയിരുന്നു. എന്നാൽ കിസാൻ ക്രെഡിറ്റ് കാർഡില്ലാത്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സ്വർണം പണയംവച്ചും മറ്റും കൃഷി വായ്പയെടുത്തവർ ഇതു കാരണം കൂടിയ പലിശ നൽകേണ്ടി വരും. അതുകൊണ്ടാണ് കിസാൻ ക്രെഡിറ്റ് കാർഡില്ലാത്തവരുടെ വായ്പാ തിരിച്ചടവിന് കൂടുതൽ സമയം ആവശ്യപ്പെട്ടത്.
ഇതിന് പുറമെ എല്ലാവർക്കും ഇന്റർനെറ്റ് ഉറപ്പാക്കുന്ന കെ ഫോൺ പദ്ധതി ഈ വർഷം ഡിസംബറിൽ തന്നെ പ്രാവർത്തികമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഖലയായിരിക്കും കെ ഫോൺ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്റർനെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിൽ പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്, കെ ഫോൺ പദ്ധതി ആവിഷ്‌കരിച്ചത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights- cm sought more time repaying agricultural loan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here