കെ ഫോൺ പദ്ധതി ഡിസംബറിൽ തന്നെ : മുഖ്യമന്ത്രി

എല്ലാവർക്കും ഇന്റർനെറ്റ് ഉറപ്പാക്കുന്ന കെ ഫോൺ പദ്ധതി ഈ വർഷം ഡിസംബറിൽ തന്നെ പ്രാവർത്തികമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഖലയായിരിക്കും കെ ഫോൺ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ഇന്റർനെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിൽ പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്, കെ ഫോൺ പദ്ധതി ആവിഷ്‌കരിച്ചത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. 1500 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള രണ്ട് കമ്പനികൾ ഉൾപ്പെടുന്ന കൺസോർഷ്യം രൂപീകരിച്ചാണ് മുന്നോട്ട് പോകുന്നത്.’- മുഖ്യമന്ത്രി പറയുന്നു.
ബിഇഎൽ, റെയിൽടെൽ എന്നീ പൊതുമേഖലാ കമ്പനികളും എസ്ആർഐടി, എൽഎസ് കേബിൾസ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേർന്നതാണ് ഈ കൺസോർഷ്യം. കൺസോർഷ്യത്തിൽ ഉൾപ്പെടുന്ന കമ്പനികളുടെ മേധാവികളുമായി വീഡിയോ കോൺഫറൻസ് നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തി. ഈ വർഷം ഡിസംബറിൽ തന്നെ പദ്ധതി പൂർത്തിയാക്കാമെന്ന് കൺസോർഷ്യം ലീഡറായി ബിഇഎൽ ചെയർമാൻ എംവി ഗൗതം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂർത്തീകരണം വലിയ നേട്ടമായിരിക്കും. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഇന്റർനെറ്റഅ സേവനം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പുറമെ, വിദ്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ, ആശുപത്രികൾ എന്നിവർക്കും പദ്ധതി ഉപകരിക്കും.
Story Highlights- k phone project in december says chief minister pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here