കൊല്ലത്ത് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനും കൊവിഡ്

കൊല്ലത്ത് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മെയ് 23 ന് കൊവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കല്ലുവാതുക്കൽ സ്വദേശിയായ യുവതി ജന്മം നൽകിയ പെൺകുഞ്ഞിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടിയന്തര ശസ്തക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞയാളാണ്.
പത്ത് ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ജില്ലയിൽ ആറ് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
കൊല്ലം അരിയനല്ലൂർ സ്വദേശിയായ 22 വയസുകാരനാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. മെയ് 20 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട സ്‌പെഷ്യൽ ട്രെയിനിൽ 22 ന് തിരുവനന്തപുരത്ത് എത്തുകയും
തുടർന്ന് കെഎസ്ആർടിസി ബസിൽ പുനലൂരിലെത്തുകയുമായിരുന്നു. തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു. മെയ് 27 ന് സ്രവ പരിശോധന നടത്തി. പരിശോധനാഫലം പോസിറ്റീവായതിനാൽ മെയ് 30 രാത്രിയോടെ പാരിപ്പള്ളി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃക്കോവിൽവട്ടം കണ്ണനല്ലൂർ കുരീപ്പള്ളി സ്വദേശിയായ 28 കാരിയാണ് മറ്റൊരാൾ. മുംബൈയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അവിടെ നിന്ന് മെയ് 25 ന് ഡൽഹി-തിരുവനന്തപുരം രാജ്ധാനി എക്‌സ്പ്രസിൽ 26ന് തിരുവനന്തപുരത്ത് എത്തിയ ഇവരെ കെഎസ്ആർടിസിയിൽ കൊല്ലത്തും തുടർന്ന് ആംബുലൻസിൽ കരിക്കോടും എത്തിച്ചു. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ച ഇവർക്ക് മെയ് 28ന് രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാൽപത്തിയാറു വയസുള്ള ആദിച്ചനല്ലൂർ കൊട്ടിയം സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു. ജീവിത വൃത്തിക്കായി കപ്പലണ്ടിക്കച്ചവടം നടത്തുന്ന കുടുംബമാണ്. ലോക്ക് ഡൗൺ കാലയളവിൽ കച്ചവടം നടത്തിയിരുന്നില്ല.ആ സമയം രോഗ പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോയിരുന്നുവെങ്കിലും ട്രീറ്റ്‌മെന്റ് നടക്കാത്തതിനാൽ മെയ് 13ന് തിരികെ വന്നു. എന്നാൽ തിരുവനന്തപുരത്ത് ഇതേ വ്യാപാരം നടത്തുന്ന സഹോദരന്റെ ഭാര്യയോടൊപ്പം ഇവർ തമിഴ്‌നാട്ടിലെ തിരിച്ചത്തൂരിൽ പോയി. ഈ യാത്രാ ചരിതത്തിന്റെയും തമിഴ്‌നാട്ടുകാരുമായി ഇയാൾക്ക് വ്യാപാരസമ്പർക്കമുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെയും അടിസ്ഥാനത്തിൽ ജില്ലയിൽ ഒരു ദിവസം 300 സാമ്പിൾ എടുത്ത സ്‌പെഷ്യൽ സർവെയ്‌ലൻസിന്റെ ഭാഗമായി ഇയാളുടെയും സാമ്പിൾ മെയ് 28ന് എടുത്തു.
പോസിറ്റീവായതോടെ ഇന്നലെ പാരിപ്പള്ളി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
read also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
മൈനാഗപ്പള്ളി വേങ്ങ സ്വദേശിയായ 54കാരനാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റെരാൾ. ഇദ്ദേഹം മെയ് 20ന് കുവൈറ്റിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസിൽ തിരുവനന്തപുരത്തെത്തി. തുടർന്ന് കെഎസ്ആർടിസിയിൽ നിലമേൽ എത്തിയശേഷം അവിടെ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ മെയ് 28ന് സാമ്പിൾ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചതിനാൽ ഇന്നലെ പാരിപ്പള്ളി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെയ് 27 ന് മുംബൈ താനെയിൽ നിന്ന് സ്‌പെഷൽ ട്രെയിനിൽ എത്തിയ 57 തലവൂർ സ്വദേശിയായ 23 കാരനാണ് കൊവിഡ് സ്ഥിരീകരിച്ച ഒടുവിലത്തെ ആൾ. 27 ന് പുലർച്ചെ എറണാകുളത്ത് നിന്ന് കെഎസ്ആർടിസിയിൽ കരുനാഗപ്പള്ളി വഴി കൊല്ലത്ത് എത്തിയ യുവാവ് വിളക്കുടിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലിരിക്കെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ 26ന് പാരിപ്പള്ളി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പോസിറ്റീവായി സ്ഥിരീകരിച്ചു. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്ത ഇളമ്പൽ സ്വദേശി എറണാകുളത്ത് വച്ച് മോഹാലസ്യപ്പെടുകയും രോഗം സ്ഥിരീകരിച്ചതിനാൽ നിലവിൽ പാരിപ്പള്ളിയിൽ ചികിത്സയിലുമാണ്.
Story highlights- coronavirus, covid 19, new born baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here