തൃശൂര്‍-പൊന്നാനി കോള്‍ മേഖലയില്‍ 298 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി: മന്ത്രി സുനില്‍കുമാര്‍

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി തൃശൂര്‍-പൊന്നാനി കോള്‍ നിലങ്ങളുടെ അടിസ്ഥാന വികസനത്തിനായി 298 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി അഡ്വ വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. തൃശൂര്‍ കോള്‍ നിലങ്ങളിലെ 32 പ്രധാന ചാലുകളിലെ ചളിയും മണ്ണും നീക്കി ആഴവും വീതിയും കൂട്ടി, ആ മണ്ണുപയോഗിച്ച് ബണ്ടുകള്‍ ശക്തിപ്പെടുത്തും. ഇതിന് 66.8451 കോടി നീക്കി വെക്കും. കോള്‍നിലങ്ങളിലെ ഇടച്ചാലുകളുടെ ആഴവും വീതിയും കൂട്ടി ഫാം റോഡും റാമ്പും നിര്‍മിക്കാന്‍ 153.56 കോടി അനുവദിക്കും.
കോള്‍ നിലങ്ങളിലെ പെട്ടി-പറ സംവിധാനം പൂര്‍ണമായും ഒഴിവാക്കി സബ്‌മേഴ്‌സിബിള്‍ പമ്പ് സെറ്റ് സ്ഥാപിക്കാന്‍ 57 കോടി. ഇതിലൂടെ ഇരുപ്പൂകൃഷിക്ക് സാധ്യതയൊരുക്കും. നിലവില്‍ എന്‍ജിന്‍ തറകളും പമ്പ് ഹൗസുകളും ഇല്ലാത്തിടത്ത് അവ സ്ഥാപിക്കാന്‍ 14.4585 കോടി. ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റി സിഎഫ്പിഡി സംവിധാനം കൂടി ഘടിപ്പിക്കാന്‍ 3.76 കോടി. കാര്‍ഷിക യന്ത്രവത്കരണത്തിന് 2.5 കോടിയും നീക്കിവെക്കും. ആര്‍കെവിവൈ-ആര്‍ഐഡിഎഫ് പദ്ധതി പ്രകാരം കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കെഎല്‍ഡിസി, കൃഷി എന്‍ജിനീയറിംഗ് വിഭാഗം, മണ്ണ് ജല സംരക്ഷണം എന്നിവയെ ഏകോപിപ്പിച്ച് കോള്‍ വികസനത്തിനായി പദ്ധതികള്‍ നടപ്പിലാക്കും.
സ്‌പെഷല്‍ അഗ്രികള്‍ച്ചര്‍ സോണ്‍ പദ്ധതി പ്രകാരം 14 സബ്‌മേഴ്‌സിബിള്‍ പമ്പ് സെറ്റ് സ്ഥാപിക്കാന്‍ 1.75 കോടിയുടെ പദ്ധതി കൃഷി എന്‍ജിനീയറിംഗ് വിഭാഗം നടപ്പിലാക്കി. ആര്‍കെവിവൈ പദ്ധതി പ്രകാരം അഞ്ച് കോടി രൂപയ്ക്ക് സബ്‌മേഴ്‌സിബിള്‍ പമ്പ് സെറ്റ് സ്ഥാപിക്കാന്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ഓപറേഷന്‍ ഡബിള്‍ കോള്‍ പദ്ധതി പ്രകാരം ഒരു കോടിയുടെ സബ്‌മേഴ്‌സിബിള്‍ പമ്പ് സെറ്റ്, ട്രാക്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നു. കുട്ടാടന്‍ പാടം പുനരുധാരണത്തിനായുളള 15 കോടിയുടെ പദ്ധതിയില്‍ നാല് കോടിയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. ഏകദേശം 100 ഹെക്ടര്‍ നിലത്ത് ഇക്കൊല്ലം കൃഷി ഇറക്കാമെന്ന് പ്രതീക്ഷിക്കുന്നു. നാല് കോടി രൂപയുടെ കൊരട്ടിച്ചാല്‍ നവീകരണ പദ്ധതിയില്‍ ഒന്നര കോടി രൂപയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു.
Story Highlights: 298 crore project for Thrissur-Ponnani Coal Region
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here