സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കെ-ഫോണ്‍ ഉത്തേജനമാകും; മുഖ്യമന്ത്രി

സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കെ-ഫോണ്‍ ഉത്തേജനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വര്‍ഷം ഡിസംബറില്‍ തന്നെ കെ- ഫോണ്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം വലിയ നേട്ടമായിരിക്കും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നതോടൊപ്പം വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ മുതലായ പൊതുസ്ഥാപനങ്ങള്‍ക്കും ഈ നെറ്റ്വര്‍ക്ക് വഴി കണക്ഷന്‍ ലഭ്യമാക്കും. സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കെ-ഫോണ്‍ ഉത്തേജനമാകും. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷി്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജ്ജം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റര്‍നെറ്റ് ശൃംഖലയായിരിക്കും കെ-ഫോണ്‍. കൊവിഡിന് ശേഷമുള്ള ലോകത്തില്‍ ഇന്റര്‍നെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും ഏറെ വര്‍ധിക്കും. ലോകത്തിന്റെ ചലനം തന്നെ ഇന്റര്‍നെറ്റ് അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസം, ബാങ്കിംഗ് പോലുള്ള മേഖലകളില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം വലിയതോതില്‍ വര്‍ധിക്കും. ഇന്റര്‍നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കേരള ഫൈബര്‍ ഓപ്ടിക് നെറ്റ്‌വര്‍ക്ക് (കെ-ഫോണ്‍) പദ്ധതി ആവിഷ്‌കരിച്ചത്.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. 1500 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രണ്ടു പ്രധാന കമ്പനികള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍), റെയില്‍ ടെല്‍ എന്നീ പൊതുമേഖലാ കമ്പനികളും എസ്ആര്‍ഐടി, എല്‍ എസ് കേബിള്‍സ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേര്‍ന്നതാണ് കണ്‍സോര്‍ഷ്യം.
Story Highlights: KSEB, KFone, K-Phone project to be completed by December: CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here