ഉത്ര വധക്കേസ്; സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു
ഉത്ര വധക്കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. സൂരജിനെയും കുടുംബാംഗങ്ങളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതിലൂടെ അന്വേഷണ സംഘത്തിന് നിർണായകമായ ചില വിവരങ്ങൾ ലഭിച്ചു. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സുരേന്ദ്രനെ മൂന്നു ദിവസത്തേക്ക് കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഉത്രയെ സൂരജ് കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് അച്ഛൻ സുരേന്ദ്രന്റെ മൊഴി.
എന്നാൽ, ആഭരണങ്ങൾ ഒളിപ്പിച്ച കാര്യം സമ്മതിക്കുന്നുണ്ട്. ഇക്കാര്യം ഭാര്യയ്ക്കും മകൾക്കും അറിയാമായിരുന്നു. വീട്ടിൽ സ്വർണം സൂക്ഷിച്ചാൽ അത് പൊലീസ് കസ്റ്റഡിയിലെടുക്കും. അതുകൊണ്ടാണ് മണ്ണിനടിയിൽ ഒളിപ്പിച്ചത്. കേസിന്റെ നടത്തിപ്പിനായി പണത്തിന് ആഭരണം വിൽക്കാനായിരുന്നു തീരുമാനമെന്നും സുരേന്ദ്രൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇന്നലെ സൂരജിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത സ്വർണാഭാരണങ്ങൾ ഉത്രയുടേതാണെന്ന് വീട്ടുകാർ ഉറപ്പിച്ചു. തെളിവിനായി ഉത്രയുടേയും സൂരജിന്റെയും വിവാഹ ആൽബവും ഹാജരാക്കി.
സൂരജിന്റെ അമ്മ രേണുകയെയും സഹോദരിയെയും അഞ്ച് മണിക്കൂറിലധികം ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ഇവരിൽ നിന്നു നിർണായമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ നിലവിൽ സൂരജും അച്ഛൻ സുരേന്ദ്രനും പാമ്പ് പാടുത്തക്കാരൻ സുരേഷുമാണ് അറസ്റ്റിലായിട്ടുള്ളത്.
Story highlight:Uthra murder case; Sooraj’s mother and sister were released by the district crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here