നിസർഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിൽ രൂപപ്പെട്ട നിസർഗ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തീരം തൊടുന്നതിന് മുമ്പ് നിസർഗ ശക്തിയാർജ്ജിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറും. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില നേരങ്ങളിൽ 120 കിലോമീറ്റർ വരെ വേഗതയിലുമായിരിക്കും നിസർഗ വീശിയടിക്കുക.
Read Also: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കും; കോഴിക്കോട് ഓറഞ്ച് അലേർട്ട്
ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും ദാമനും ഇടയിൽ നിസർഗ കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്ക് കൂട്ടൽ. മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിൽ ജാഗ്രത മുന്നറിയിപ്പ് നൽകി. ഗോവ, പാഞ്ചിമിൽ നിന്ന് 290 കിലോമീറ്ററും, മഹാരാഷ്ട്ര മുംബൈയിൽ നിന്ന് 310 കിലോമീറ്ററും, ഗുജറാത്തിലെ സൂറത്തിൽ നിന്നും 530 കിലോമീറ്ററും അകലെയാണ് നിലവിൽ നിസർഗയുടെ സ്ഥാനം.
അതേ സമയം കാലവർഷം ശക്തിയാർജിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ട്. മധ്യകേരളത്തിലും, വടക്കൻ കേരളത്തിലും മഴ കനത്തേക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യല്ലോ അലേർട്ട്. നാളെ ആറ് ജില്ലകളിൽ യല്ലോ അലേർട്ട് ഉണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും, മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത.
Read Also: അംഫാൻ ചുഴലിക്കാറ്റിൽ നിന്ന് രക്ഷ നേടാനായി ചവറു വീപ്പയിൽ അഭയം തേടി ബംഗാൾ സ്വദേശി: വീഡിയോ
കടലിൽ ശക്തമായ കാറ്റിനും, കടലാക്രമണ ഭീഷണിയും നിലനിൽക്കുന്നു. പൊതുജനങ്ങളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കേരള തീരത്ത് മത്സ്യ ബന്ധനത്തിനേർപ്പെടുത്തിയ പൂർണ നിരോധനം തുടരുകയാണ്.’
Story Highlights: nisarga cyclone orange alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here