ഉത്രാ വധക്കേസ്: ഗാർഹിക, സ്ത്രീധന പീഡനം നടന്നതായി അന്വേഷണ റിപ്പോർട്ട്

ഉത്രാ വധക്കേസിൽ ഗാർഹിക, സ്ത്രീധന പീഡനം നടന്നതായി അന്വേഷണ റിപ്പോർട്ട്. വനിതാ കമ്മീഷന്റെ നിർദ്ദേശ പ്രകാരം പത്തനംതിട്ട പൊലീസ് അന്വേഷണ റിപ്പോർട്ട് കമ്മീഷന് മുമ്പാകെ സമർപ്പിച്ചു. റിപ്പോർട്ട് കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് കൈമാറും. കേസ് ഒരു ഏജൻസി തന്നെ അന്വേഷിക്കുന്നതാവും ഗുണകരമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.
ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമയ ബന്ധിതമായി റിപ്പോർട്ട് നൽകിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ കമ്മീഷൻ അഭിനന്ദിച്ചു.
Read Also:ഉത്രാ വധക്കേസ്; പ്രതികളുടെ തെളിവെടുപ്പ് തുടരും
അതേസമയം, സൂരജിന്റെ അമ്മയെയും സഹോദരിയെയും വെള്ളിയാഴ്ച പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. സ്വർണാഭരണങ്ങൾ കുഴിച്ചിട്ട സ്ഥലം സുരേന്ദ്രൻ കാട്ടി തന്നിരുന്നതായി ഭാര്യ രേണുകയും അറസ്റ്റ് ഉറപ്പിച്ച ഘട്ടത്തിൽ സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചതായി സഹോദരിയും സമ്മതിച്ചു.
ഇന്നലെ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫിസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ പൊലീസിന് ലഭിച്ചില്ല. ഇവരുടെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യൽ തുടരും. സൂരജ് മുൻപും വീട്ടിൽ ഉഗ്രവിഷമുള്ള പാമ്പുകളെ കൊണ്ട് വന്നിരുന്നതായി സൂരജിനെ അച്ഛനും അമ്മയും സഹോദരിയും സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നു എന്നാണ് മൂവരുടെയും മൊഴി. ഇവരുടെ മൊഴികൾ പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. മൂന്നുപേരുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യമുണ്ട്.
Read Also:ഉത്ര വധക്കേസ്; സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു
അന്വേഷണത്തിൽ പൂർണ്ണ തൃപ്തി ഉണ്ടെന്നും സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും എതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും ഉത്രയുടെ അച്ഛൻ വിജയസേനൻ പറഞ്ഞു.
സൂരജിനെയും സുരേന്ദ്രനെയും വിവിധയിടങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കുകയാണ് ഇപ്പോൾ അന്വേഷണസംഘം. സൂരജ് , സുരേഷ് എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇവരെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടില്ല. എന്നാൽ വനം വകുപ്പ് ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിട്ടുണ്ട്.
Story Highlights- uthra murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here