കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം ദഹിപ്പിക്കില്ല; സംസ്‌കാരം മതാചാര പ്രകാരം

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി.വർഗീസിന്റെ മൃതദേഹം ദഹിപ്പിക്കില്ല. സംസ്‌കാരം മതാചാര പ്രകാരം തന്നെ നടക്കും. കുമാരപുരം സെന്റ് തോമസ് പള്ളിയുടെ മലമുകളിലെ സെമിത്തേരിയിലാകും സംസ്‌കാരം നടക്കുക. തീരുമാനം സഭാ നേതൃത്വം നഗരസഭാ അധികൃതരെ അറിയിച്ചിട്ടുണ്ട്. തർക്കം ഇല്ലാത്ത ഭൂമിയിലാണ് സംസ്‌കാരം നടക്കുക . ഇതിനായുള്ള കുഴി എടുക്കൽ നടപടികൾ ആരംഭിച്ചു. എന്നാൽ സംസ്‌കാര സമയത്തിൽ തീരുമാനമായില്ല.
മതാചാരം ഒഴിവാക്കി മൃതദേഹം ദഹിപ്പിക്കാൻ സമ്മതമാണെന്ന് കുടുംബാംഗങ്ങൾ ഓർത്തഡോക്‌സ് സഭാ ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസിനെ സമ്മതം അറിയിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ വൈദികന്റെ സംസ്‌കാരം മതാചാരപ്രകാരം തന്നെ നടത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു സഭ. കൊവിഡ് ബാധിച്ച് മരണപ്പെട്ടാൽ മൂന്ന് ദിവസത്തിനുള്ളിൽ മൃതദേഹം സംസ്‌കരിക്കണമെന്നാണ് പ്രോട്ടോക്കോൾ എന്നതിനാൽ സംസ്‌കാരം ഇന്ന് തന്നെയുണ്ടാകും.
ഇന്നലെയാണ് ഫാ. കെ.ജി.വർഗീസിന്റെ സംസ്‌കാരം നാട്ടുകാർ തടഞ്ഞത്. വട്ടിയൂർക്കാവ് മലമുകൾ ഓർത്തഡോക്‌സ് പളളിയിൽ സംസ്‌കാരത്തിന് നാട്ടുകാർ അനുവദിച്ചില്ല. സെമിത്തേരിയിലെ കുഴി മൂടാനും ശ്രമം നടന്നു. പി.പി.ഇ കിറ്റടക്കം ധരിച്ച് സംസ്‌കാര നടപടികൾക്കെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരെയാണ് നാട്ടുകാർ തടഞ്ഞത്.
തിങ്കളാഴ്ചയാണ് വൈദികൻ മരണപ്പെടുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വൈദികൻ ഏപ്രിൽ 20 മുതൽ മെയ് 20 വരെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.തുടർ ചികിത്സയാക്കായി പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം മെയ് 30 വരെ അവിടെ തുടർന്നു. ഹൃദയമിടിപ്പിലുള്ള വ്യതിയാനം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് മെയ് 31 ന് വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നതും പുലർച്ചെ മരണപ്പെട്ടതും.
Story Highlights- deceased priest to be buried with religious rites
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here