കൊലുമ്പൻ മുതൽ തങ്കുപ്പൂച്ചവരെ; കാർട്ടൂൺ മതിലില്‍ വിരിഞ്ഞ് കൊറോണ ബോധവത്കരണ വരകള്‍

കൊലുമ്പനും ഇടുക്കിയും ശങ്കരാടിയും മുതല്‍ മമ്മൂക്കയും ലാലേട്ടനും തങ്കുപ്പൂച്ചയും വരെ…. പറഞ്ഞ് വരുന്നത് കൊറോണ ബോധവല്‍ക്കരണത്തിനായി തൊടുപുഴയില്‍ വിരിഞ്ഞ കാര്‍ട്ടൂണ്‍ വസന്തത്തെക്കുറിച്ചാണ്. കേരളാ കാര്‍ട്ടൂണ്‍ അക്കാഡമിയും കേരളാ സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്നാണ് വ്യത്യസ്ഥതയാര്‍ന്ന കൊറോണ ബോധവത്കരണം സംഘടിപ്പിച്ചത്. തൊടുപുഴ ഗാന്ധിസ്‌ക്വയറിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ ചുവരിലാണ് 12 കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.
സംസ്ഥാന തലത്തില്‍ നടത്തുന്ന കാര്‍ട്ടൂണ്‍ ബോധവല്‍ക്കരണം ഇതിനോടകം 13 ജില്ലകള്‍ പിന്നിട്ട് കഴിഞ്ഞു. കേരളാ കാര്‍ട്ടൂണ്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ ഒമ്പത് കാര്‍ട്ടൂണിസ്റ്റുകളാണ് ഇടുക്കിയിലെത്തിയത്. ഓരോ ജില്ലയിലുമെത്തുമ്പോള്‍ അതാതിടങ്ങളിലെ പ്രശസ്തരായ വ്യക്തികള്‍, ഭാഷ, സ്ഥലങ്ങള്‍, കലാരൂപങ്ങള്‍, ചരിത്രം എന്നിവയൊക്കെ കഥാപാത്രങ്ങളാകും. ഇടുക്കിയിലെത്തിയപ്പോള്‍ കൊലുമ്പന്‍, ഇടുക്കി ഡാം, ചെറുതോണി അണക്കെട്ട്, ഇടുക്കിയില്‍ ചിത്രീകരിച്ച സിനിമകള്‍, ഇടുക്കി ജില്ലക്കാരനായ സിനിമാ താരം ആസിഫ് അലി എന്നിവയൊക്കെ കഥാപാത്രങ്ങളായി മാറി.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളിലൂടെയാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ജനങ്ങളോട് സംവദിക്കുക. കൊറോണ ബോധവല്‍ക്കരണം ജനങ്ങളിലേക്കെത്തിക്കാന്‍ ഏറ്റവും ലളിതമായ മാര്‍ഗം കാര്‍ട്ടൂണുകളായതിനാലാണ് കാര്‍ട്ടൂണ്‍ മതിലെന്ന ആശയത്തിന് പിന്നിലെന്ന് അക്കാഡമി ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, ജോ. സെക്രട്ടറി ഡാവിഞ്ചി സുരേഷ് എന്നിവര്‍ പറഞ്ഞു. ഒരോ കാലഘട്ടത്തിലും വലുതും ചെറുതുമായ നിരവധി വിഷയങ്ങള്‍ മാധ്യമങ്ങളിലൂടെ കാര്‍ട്ടൂണ്‍ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവയൊക്കെ ജനങ്ങളില്‍ വലിയ സ്വാധീനവും ചെലുത്തിയിട്ടുണ്ട്. സാക്ഷരതയിലും ആസ്വാദനത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളീയരില്‍ നിന്നും കാര്‍ട്ടൂണുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വലുതാണ്. പ്രായഭേദമില്ലാതെ ആസ്വദിക്കാനാവുമെന്നതും കാര്‍ട്ടൂണിന്റെ പ്രത്യേകതയാണ്. ഇതാണ് കരുതലും കാര്‍ട്ടൂണുമെന്ന ആശയത്തില്‍ കാര്‍ട്ടൂണ്‍ മതിലെന്ന സംരഭവുമായി രംഗത്തിറങ്ങാന്‍ അക്കാഡമി തീരുമാനിച്ചതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Corona awareness cartoon wall
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here