Advertisement

പി.ജെ ജോസഫ് – ജോസ് കെ. മാണി തർക്കത്തിൽ ജോസഫിന് അനുകൂല നിലപാടുമായി കോൺഗ്രസ്

June 5, 2020
2 minutes Read

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള പി.ജെ ജോസഫ് – ജോസ് കെ. മാണി തർക്കത്തിൽ ജോസഫിന് അനുകൂല നിലപാടുമായി കോൺഗ്രസ്. ധാരണ പാലിക്കാൻ തയാറാകണമെന്ന് മുന്നണി നേതൃത്വം ജോസ് കെ. മാണിയോട് ആവശ്യപ്പെടും. ഇരുപക്ഷത്തേയും മുന്നണിയിൽ ഒന്നിച്ചു കൊണ്ടുപോകണമെന്നും രാഷ്ട്രീയ കാര്യസമിതിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺഗ്രസ് തീരുമാനത്തോട് ജോസ് കെ. മാണി എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി നിർണായകം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് 14 മാസത്തെ കാലാവധി ശേഷിക്കെയാണ് കേരള കോൺഗ്രസ് എം പിളർന്നത്. ഇത് എട്ട് ആറ് എന്ന ക്രമത്തിൽ പങ്കിടാമെന്നായിരുന്നു കരാർ. എന്നാൽ, പത്ത് മാസം കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കാൻ ജോസ് പക്ഷം തയാറാകാതെ വന്നതോടെ പി.ജെ ജോസഫും കടുത്ത നിലപാടിലേക്ക് നീങ്ങി. ഇതോടെയാണ് യുഡിഎഫും കോൺഗ്രസും വിഷയത്തിൽ ഇടപെട്ടത്. പ്രശ്‌നപരിഹാരത്തിന് പി.ജെ ജോസഫിനോട് സാവകാശം തേടിയ കോൺഗ്രസ് നേതൃത്വം, അടിയന്തര രാഷ്ട്രീയ കാര്യസമിതി ചേർന്ന് നിലപാട് തീരുമാനിക്കുകയായിരുന്നു.

തീരുമാനം പാർട്ടി നേതൃത്വം ഹൈക്കമാൻഡിനെ അറിയിക്കും. കേരള കോൺഗ്രസ് തർക്കങ്ങളിൽ മധ്യസ്ഥത വഹിച്ച പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളുമായും കോൺഗ്രസ് ആശയവിനിമയം നടത്തും. മുന്നണി നേതൃത്വമായിരിക്കും തീരുമാനം ജോസ് പക്ഷത്തെ അറിയിക്കുക. കേരള കോൺഗ്രസ് എമ്മിലെ ഏതെങ്കിലുമൊരു വിഭാഗം മുന്നണി വിടുന്നത് തടയാനുള്ള നീക്കങ്ങൾ തുടരണമെന്നും രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് ആവർത്തിക്കുന്ന ജോസ് കെ. മാണി, മുന്നണി നിർദേശങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് കോൺഗ്രസും ഉറ്റുനോക്കുന്നത്.

Story highlight: PJ Joseph – Jose K.Mani Congress in favor of Joseph in Mani issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top