കഠിനംകുളം പീഡനം: പീഡനത്തിന് തലേദിവസം പ്രതി രാജൻ ഭർത്താവിന് പണം നൽകിയെന്ന് യുവതി

കഠിനംകുളം പീഡനക്കേസിൽ യുവതിയുടെ മൊഴി പുറത്ത്. പീഡനം നടക്കുന്നതിന് തലേ ദിവസം പ്രതിയായ രാജൻ തന്റെ ഭർത്താവിന് പണം നൽകിയിരുന്നുവെന്ന് യുവതിയുടെ മൊഴി. യുവതിയെ കൊണ്ടു പോയ ഓട്ടോയും കണ്ടെത്തി. ഒളിവിലുള്ള നൗഫലിന്റേതാണ് ഓട്ടോ. പ്രതികൾക്കെതിരെ മോഷണക്കുറ്റവും പൊലീസ് ചുമത്തി. യുവതിയുടെ മൊബൈൽ ഫോണുകൾ പ്രതികൾ പിടിച്ചു വാങ്ങിയിരുന്നു.
അഞ്ച് പ്രതികളെയും ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ അറസ്റ്റും രേഖപ്പെടുത്തി. നാളെ കോടതിയിൽ ഹാജരാക്കും. ഭർത്താവ് അൻസാർ, രാജൻ, മൻസൂർ, അക്ബർ ഷാ, അർഷാദ് എന്നിവരാണ് അഞ്ച് പ്രതികൾ.
കഠിനംകുളത്തിന് സമീപം വെട്ടുതുറയിലെ സുഹൃത്ത് രാജന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞാണ് യുവതിയെ ഭർത്താവ് അൻസാർ കൊണ്ടുവന്നത്. രാജന്റെ വീട്ടിൽ മൻസൂർ, അക്ബർ ഷാ, അർഷാദ്, നൗഫൽ എന്നിവർ മദ്യപിച്ചിരിക്കുകയായിരുന്നു. യുവതിക്ക് ഭർത്താവ് ബലമായി മദ്യം നൽകിയ ശേഷം സുഹൃത്തുക്കൾക്ക് ബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിയെന്നാണ് മൊഴി. രക്ഷപ്പെട്ട യുവതിയെ പുറത്തുള്ള ഓട്ടോറിക്ഷയിൽ വലിച്ചുകയറ്റി. ചാന്നാങ്കര പത്തേക്കർ എന്ന സ്ഥലത്തെ വിജനമായ പറമ്പിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു.
അവശനിലയിൽ ഉപേക്ഷിച്ച യുവതിയെ അതുവഴി വന്നവരാണ് വീട്ടിലെത്തിച്ചത്. ഭർത്താവ് അൻസാറിന് പുറമേ മൻസൂർ, അക്ബർ ഷാ, അർഷാദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പള്ളിപ്പുറം സ്വദേശി നൗഫലിനായി പൊലീസ് തെരച്ചിൽ തുടരുന്നു. മുൻപും മകളെ അൻസാർ ഉപദ്രവിക്കുമായിരുന്നെന്ന് യുവതിയുടെ അമ്മ.
നേരത്തെ കഞ്ചാവ് കേസുകളിലും വാഹനം വാടകക്ക് എടുത്ത് മുങ്ങിയ കേസിലുമൊക്കെ അൻസാർ പ്രതിയാണ്. ഭർത്താവിന്റെ മർദനത്തെ തുടർന്ന് പല തവണ യുവതി സ്വന്തം വീട്ടിൽ അഭയം തേടിയിട്ടുണ്ട്. കുട്ടിയുടെ സാന്നിധ്യത്തിൽ അതിക്രമം നടത്തിയതിന് പോക്‌സോ പ്രകാരവും പ്രതികൾക്കെതിരെ കേസെടുക്കും.
Story Highlights- katinamkulam rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here