സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരനാണ് മരിച്ചത്. 87 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.
ശ്വാസംമുട്ടലിനെ തുടർന്ന് കഴിഞ്ഞ ദിവസം കുമാരനെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ തന്നെ സ്രവം പരിശോധനക്ക് അയച്ചു. ഫലം വന്നതോടെ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ന്യുമോണിയ ബാധിതനായ കുമാരനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉടനെ മരണം സംഭവിച്ചു.
ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. മുൻപ് യാത്രകൾ നടത്തുകയോ കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. സാഹചര്യം കണക്കിലെടുത്ത് തൃശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിലെ ഡോക്ടർമാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കി. ആദ്യം ചികിത്സ തേടിയെത്തിയ ചേറ്റുവയിലെ ആശുപത്രിയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവരെക്കുറിച്ച് ആരോഗ്യവകുപ്പ് പട്ടിക തയ്യാറാക്കുന്നുണ്ട്. രോഗ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു.
story highlights- coronavirus, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here