എംജി സര്‍വ്വകലാശാലയില്‍ പരീക്ഷാ മുല്യ നിര്‍ണയം അട്ടിമറിക്കുന്നതായി ആരോപണം

എംജി സര്‍വ്വകലാശാലയില്‍ പരീക്ഷാ മുല്യ നിര്‍ണയം അട്ടിമറിക്കുന്നതായി ആരോപണം. രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തി പരീക്ഷ എഴുതുന്ന കോളജുകളില്‍ മൂല്യനിര്‍ണയം നടത്താനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിഷ്‌കാരമെന്ന് പരാതി ഉയര്‍ന്നു.
ഈ മാസം ഇരുപത്തിമൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ മൂല്യ നിര്‍ണയം പരീക്ഷാ കേന്ദ്രങ്ങളില്‍ തന്നെ നടത്താനുള്ള സര്‍വ്വകലാശാല തീരുമാനമാണ് വിവാദമാകുന്നത്. കോളജുകളിലെ സീനിയര്‍ അധ്യാപകനെ മുഖ്യപരിശോധകനായി നിയമിച്ച് മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് ലിസ്റ്റുകള്‍ അയച്ചു കൊടുക്കാനാണ് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള നിര്‍ദേശം. കഴിഞ്ഞ മാസം 26 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റാണ് കൊവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടി യുജിസി മാനദണ്ഡങ്ങള്‍ മറികടന്ന് ഈ തീരുമാനമെടുത്തത്. ഉത്തര കടലാസുകള്‍ സര്‍വകലാശാലയില്‍ എത്തിച്ച് രഹസ്യ നമ്പര്‍ നല്‍കിയാണ് ഇതുവരെ മൂല്യനിര്‍ണയം നടത്താന്‍ കോളജുകള്‍ക്ക് നല്‍കിയിരുന്നത്.
പഴയ സംവിധാനത്തില്‍ അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തിയാണ് അതാത് കോളജുകളില്‍ മൂല്യനിര്‍ണയം നടത്താനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം. ഇത് വലിയ രീതിയില്‍ ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കും എന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ ആരോപണം. പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന വിവാദ തീരുമാനം പിന്‍വലിക്കണമെന്നാണ് വ്യാപകമായി ആവശ്യമുയരുന്നത്.
Story Highlights: MG University examination evaluation Accused of sabotage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here