ആരാധനാലയങ്ങള്‍ തുറക്കല്‍, ജാഗ്രത കൈവിടരുത്: കാന്തപുരം

കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കിയ സര്‍ക്കാറുകളെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ സ്വാഗതം ചെയ്തു. അതേസമയം, അധികൃതരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചേ പള്ളികള്‍ തുറക്കാവൂ എന്നും കാന്തപുരം പറഞ്ഞു.
രോഗവ്യാപനം അനുദിനം കൂടിവരികയാണ്. ഈ മഹാവിപത്തിനെ തുടച്ചു നീക്കാന്‍ ആരോഗ്യവകുപ്പും സര്‍ക്കാറും മാത്രം വിചാരിച്ചാല്‍ നടക്കില്ല, ജനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തവും കരുതലും കാണിക്കണം. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ബസ്സ്റ്റാന്റുകള്‍, റെയില്‍വേസ്റ്റേഷന്‍ പരിസരങ്ങള്‍, മറ്റു പ്രധാന നഗരങ്ങളിലെ പള്ളികള്‍ എന്നിവിടങ്ങളില്‍ ജുമുഅ (വെള്ളിയാഴ്ച പ്രാര്‍ത്ഥന)ഒന്നോ രണ്ടോ ആഴ്ചകള്‍കൂടി നീട്ടിവെക്കാമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.
കോഴിക്കോട് നഗരത്തിലെ പള്ളികളിലും മെഡിക്കല്‍ കോളജിനടുത്തുള്ള. പള്ളിയിലും തത്കാലം ജുമുഅ നടത്തുന്നില്ലന്നാണ് കേരള മുസ്ലിം ജമാഅതിന്റെ തീരുമാനം. ഗ്രാമങ്ങളിലും ഉള്‍നാടുകളിലും സര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണമായി പാലിച്ചു മാത്രം പ്രാര്‍ത്ഥനകള്‍ നടത്തിയാല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ കമ്മറ്റിഭാരവാഹികളും ഇമാമുമാരും അതീവ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പള്ളി അധികൃതര്‍ കൃത്യമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കണം. നമ്മുടെ ചെറിയൊരു അശ്രദ്ധപോലും വലിയവിപത്തുകള്‍ വിളിച്ചുവരുത്തുമെന്ന് മറക്കരുത്. നൂറ് ചതുരശ്രമീറ്ററില്‍ പതിനഞ്ച് പേര്‍ എന്ന നിര്‍ദേശം പാലിക്കണം. 65 വയസിനു മുകളിലുള്ളവരും 10 വയസിനു താഴെയുള്ള കുട്ടികളും പള്ളിയില്‍ പോകരുത്. നിര്‍ബന്ധമായും മാസ്‌ക്ക് ഉപയോഗിക്കുകയും തമ്മില്‍ ആറടി അകലം പാലിക്കുകയും ചെയ്യണം. സോപ്പോ മറ്റോ ഉപയോഗിച്ച് കൈകള്‍ കഴുകാനുള്ള സൗകര്യവും പ്രവേശന കവാടത്തില്‍ ഒരുക്കണം. വീടുകളില്‍ നിന്നുതന്നെ അംഗശുദ്ധി വരുത്തുക. പള്ളികളില്‍ ശുദ്ധിവരുത്താന്‍ ടാപ്പുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതി. രോഗ ലക്ഷണമുള്ളവര്‍ ഒരു കാരണവശാലും പള്ളികളിലേക്ക് പോകരുത്. നിസ്‌കരിക്കാനുള്ള മുസ്വല്ല (വിരിപ്പ്) നിര്‍ബന്ധമായും ഓരോരുത്തരും കൊണ്ടുപോകണം. പ്രാര്‍ത്ഥനക്കെത്തുന്നവരുടെ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കണം. അതിലെഴുതാനുള്ള പേനപോലും വിശ്വാസികള്‍ കൊണ്ടുവരണമെന്ന് അധികൃതര്‍ പറയുന്നത് മികച്ച കരുതലാണ്. അധികൃതരുടെ നിര്‍ദേശങ്ങള്‍ നമ്മുടെയും നാടിന്റെയും രക്ഷക്കാണെന്ന വിചാരം നാം ഓരോരുത്തര്‍ക്കും ഉണ്ടാവണമെന്നും കാന്തപുരം പറഞ്ഞു.
Story Highlights: Opening of Shrines, Beware of caution:Kanthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here