ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തെ ചൊല്ലി വിവാദം; കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണ കുറിപ്പിറക്കി

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തെ ചൊല്ലി വിവാദം മുറുകുന്നു. ലോക്ക്ഡൗൺ കൃത്യസമയത്ത് പ്രഖ്യാപിച്ചതിനാൽ ലക്ഷകണക്കിന് പേർക്ക് കൊവിഡ് പിടിപ്പെടുന്ന സാഹചര്യം ഒഴിവായെന്ന് ആരോഗ്യമന്ത്രാലയം വിശദീകരണ കുറിപ്പിറക്കി. കൊവിഡ് നേരിടുന്നതിന് കേന്ദ്രസർക്കാരിന് കൃത്യമായ പദ്ധതിയില്ലെന്ന വാർത്തകൾ തള്ളി. വിദഗ്ധരുമായി കൂടിയാലോചിക്കുന്നില്ല എന്ന ആരോപണം ശരിയല്ലെന്നും വ്യക്‌തമാക്കി. അതേസമയം, തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 31,000വും ഡൽഹിയിൽ 28000വും കടന്നു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തിൽ കേന്ദ്രസർക്കാരിന് തെറ്റ് പറ്റിയെന്നും കൊവിഡ് പിടിച്ചുനിർത്താൻ പദ്ധതികൾ ഇല്ലെന്നുമുള്ള ആരോപണം വ്യാപകമായപ്പോഴാണ് ആരോഗ്യമന്ത്രാലയം വിശദീകരണ കുറിപ്പിറക്കിയത്. കൊവിഡ് വൈറസിനെ പുതിയ ഏജന്റെന്നാണ് വാർത്താക്കുറിപ്പിൽ വിശേഷിപ്പിച്ചത്. വൈറസിനെ കുറിച്ച് ഇനിയും ഏറെ കാര്യങ്ങൾ പുറത്തുവരാനുണ്ട്. ലഭ്യമാകുന്ന വിവരങ്ങളും അനുഭവ പരിചയവും അടിസ്ഥാനമാക്കി പദ്ധതികൾ തയാറാക്കി. വിദഗ്ധരുടെ ഉപദേശം അടക്കം സ്വീകരിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ലോക്ക്ഡൗൺ കൃത്യസമയത്ത് പ്രഖ്യാപിച്ചതിനാൽ ലക്ഷകണക്കിന് പേർക്ക് കൊവിഡ് പിടിപ്പെടുന്ന സാഹചര്യം ഒഴിവായി. മരണനിരക്ക് പിടിച്ചുനിർത്താനായെന്നും അറിയിച്ചു. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 31,667ഉം മരണം 269ഉം ആയി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 1282 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 28936 ആയി. ഇതുവരെ 812 പേർ മരിച്ചു. ഗുജറാത്തിൽ രോഗബാധിതർ 20,097ഉം മരണം 1249ഉം ആയി. ജമ്മുകശ്മീരിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 620 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണം 4087 ആയി ഉയർന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here