സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 15 ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികൾ സ്ഥാപിച്ചു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും ചേർന്ന് കേരളത്തിൽ സ്ഥാപിക്കുന്ന ഔട്ടോമാറ്റിക് കാലാവസ്ഥ മാപിനികളുടെ (എഡബ്ല്യുഎസ്) ആദ്യഘട്ടം പൂർത്തീകരിച്ചു. മഴയുടെ അളവ്, കാറ്റിന്റെ വേഗത, ദിശ, അന്തരീക്ഷ ആർദ്രത, താപനില തുടങ്ങിയ ദിനാന്തരീക്ഷ വിവരങ്ങൾ തത്സമയം ലഭ്യമാകും എന്നതാണ് എഡബ്ല്യുഎസുകൾ സ്ഥാപിക്കുന്നത് വഴിയുള്ള നേട്ടം.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഇത്തരം തത്സമയ വിവരങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് എന്നത് കൊണ്ട് തന്നെ സംസ്ഥാനം 2018 മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും കേന്ദ്ര കാലാവസ്ഥ വകുപ്പിനോടും ഈ ആവശ്യമുന്നയിച്ചിരുന്നു. കേരളത്തിന്റെ നിരന്തരാവശ്യം പരിഗണിച്ചു കൊണ്ട് കേന്ദ്ര സർക്കാർ കേരളത്തിനായി അനുവദിച്ച 100 എഡബ്ല്യുഎസ്കളിൽ ആദ്യത്തെ 15 എഡബ്ല്യുഎസുകളാണ് സ്ഥാപിച്ചത്. ഇതിനായി ഫീൽഡ് സർവേ നടത്തി കണ്ടെത്തിയ 10*10 മീറ്റർ ചുറ്റവിലുള്ള സ്ഥലം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുയോജ്യമായ രീതിയിൽ സജ്ജമാക്കി നൽകി. ഇത്തരത്തിൽ 138 സ്ഥലങ്ങളാണ് 10*10 മീറ്റർ ചുറ്റളവിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്താകെ കണ്ടെത്തി നൽകിയിട്ടുള്ളത്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്ത സാധ്യതകൾ, നിലവിൽ വിവരങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങൾ, അണക്കെട്ടുകൾ, കെഎസ്ഇബി, ജലസേചന വകുപ്പ്, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളുടെ നിർദേശങ്ങൾ തുടങ്ങിയവ പരിഗണിച്ചു കൊണ്ടാണ് ദുരന്ത നിവാരണ അതോറിറ്റി സ്ഥലങ്ങൾ കണ്ടെത്തിയത്.
വെള്ളരിക്കുണ്ട് (കാസർഗോഡ്), ഇരിക്കൂർ (കണ്ണൂർ), കക്കയം (കോഴിക്കോട്), പടിഞ്ഞാറത്തറ ഡാം (വയനാട്), പറവണ്ണ ടിഎംജി കോളജ് (മലപ്പുറം), വെള്ളിനേഴി (പാലക്കാട്), ചാലക്കുടി, പെരിങ്ങൽക്കുത്ത് (തൃശൂർ), പറവൂർ (എറണാകുളം), പീരുമേട് (ഇടുക്കി), പൂഞ്ഞാർ എഞ്ചിനിയറിങ് കോളജ് (കോട്ടയം), കഞ്ഞിക്കുഴി (ആലപ്പുഴ), സീതത്തോട് (പത്തനംതിട്ട), വെസ്റ്റ് കല്ലട (കൊല്ലം), നെയ്യാറ്റിൻകര (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ എഡബ്ല്യുഎസുകൾ സ്ഥാപിച്ചിട്ടുള്ളത്.
2018 പ്രളയാനന്തരം കേരള സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കേരളത്തിൽ പുതുതായി 186 ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികൾ അടിയന്തരമായി സ്ഥാപിക്കണമെന്ന് 2018 ഒക്ടോബറിൽ തന്നെ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. 2020 ഡിസംബറിന് മുന്നെയായി ദുരന്ത നിവാരണ അതോറിറ്റി കണ്ടെത്തിയിട്ടുള്ള ശേഷിക്കുന്ന 85 സ്ഥലങ്ങളിലും എഡബ്ല്യുഎസ് സ്ഥാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഡയറക്ടർ ജനറൽ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുള്ളത്.
Story Highlights: automatic weather forecasters in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here