ദുരന്ത നിവാരണ പ്രവര്‍ത്തനം: പത്തനംതിട്ടയിൽ പഞ്ചായത്ത്തലത്തില്‍ വൊളിന്റീയര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും

പത്തനംതിട്ട ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത്തലത്തില്‍ തെരഞ്ഞെടുക്കുന്ന വൊളിന്റീയര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. കമ്മ്യൂണിറ്റി റെസ്‌ക്യൂ വൊളന്റീയര്‍ സര്‍വീസസ്, സാമൂഹിക സന്നദ്ധസേന, സിവില്‍ ഡിഫന്‍സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കളക്ടറേറ്റില്‍ അവലോകനം ചെയ്തു.
തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് തലത്തില്‍ വൊളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ലിസ്റ്റ് ഈ മാസം 20ന് മുമ്പ് ജില്ലാ ദുരന്തനിവാരണ അതോറിട്ടി മുമ്പാകെ നല്‍കാനും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. ലിസ്റ്റില്‍ ഉള്‍പ്പെട്ട വൊളന്റീയര്‍മാര്‍ക്ക് അഗ്നിശമനാ വിഭാഗം പരിശീലനം നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ തയാറാക്കുന്ന ദുരന്തനിവാരണ പ്ലാന്‍ രണ്ടു ദിവസത്തിനകം ജില്ലാ കളക്ടര്‍ക്കും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്കും സമര്‍പ്പിക്കുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും, നഗരസഭാ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന ദുരന്തനിവാരണ പ്ലാന്‍ പരിശോധിക്കുന്നതിനും പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതിനും പരിഹരിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിന് ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2019- 2020 കാലയളവില്‍ കമ്മ്യൂണിറ്റി റെസ്‌ക്യൂ വൊളന്റിയര്‍ സര്‍വീസസ് പദ്ധതി നിര്‍വഹണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ നടപ്പുസാമ്പത്തിക വര്‍ഷം സ്പില്‍ ഓവറായി തുടരേണ്ടതും, കൂടുതല്‍ തുക ആവശ്യമുള്ളപക്ഷം നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തേണ്ടതുമാണ്. സാധിക്കാത്തപക്ഷം പുതിയ പദ്ധതി രൂപീകരിക്കണം. ഇത് സംബന്ധിച്ച വ്യക്തമായ നിര്‍ദേശം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നല്‍കണം. കമ്മ്യൂണിറ്റി റെസ്‌ക്കൂ വൊളന്റിയര്‍ സര്‍വീസസ് പദ്ധതി നടത്തിപ്പിലേക്കായി തയാറാക്കുന്ന പദ്ധതിയില്‍ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഒരുലക്ഷം രൂപ വകയിരുത്തണം. ഇക്കാര്യം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഉറപ്പാക്കേണ്ടതും പ്രത്യേക റിപോര്‍ട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ നിയന്ത്രണത്തില്‍ ജില്ലാതലത്തില്‍ ഒരു സ്‌ക്യൂബ ഡൈവിംഗ് ടീം രൂപീകരിക്കും. സ്‌ക്യൂബ ഡൈവിംഗ് ട്രെയിനിംഗ് ഒരു താലൂക്കില്‍ നിന്നും പത്ത് പേര്‍ക്ക് വീതം നല്‍കും. ഇതിനായി പരിശീലനം ഫയര്‍ ഫോഴ്സും ഏകോപനം ജില്ലാ ദുരന്തനിവാരണ അതോറിട്ടിയും നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി പുറപ്പെടുവിച്ചിട്ടുള്ള ഓറഞ്ച് പുസ്തത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വില്ലേജ് ഓഫീസര്‍, തദ്ദേശസ്വയംഭരണ സെക്രട്ടറി, പ്രസിഡന്റ് എന്നിവരും ഒന്‍പത് വോളന്റീയര്‍മാരും ഉള്‍പ്പെട്ടിട്ടുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് ടീം രൂപീകരിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Story Highlights: Disaster Management, Volunteers Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here