ഷിപ്പ്‌യാർഡ് കപ്പലിൽ ഹാർഡ് ഡിസ്ക് മോഷണം നടത്തിയ സംഭവം; പ്രതികൾ പിടിയിൽ

ക്ലൊച്ചിൻ ഷിപ്പ്‌യാർഡ് കപ്പലിൽ ഹാർഡ് ഡിസ്ക് മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഒരു രാജസ്ഥാൻ സ്വദേശിയും ബീഹാർ സ്വദേശിയുമാണ് പിടിയിലായത്. എൻഐഎ ആണ് ഇവരെ പിടികൂടിയത്. അന്വേഷണ സംഘം ഹാർഡ് ഡിസ്കുകൾ കണ്ടെടുത്തു. യുദ്ധക്കപ്പലിൽ മോഷണം നടത്താൻ പ്രതികളെ പ്രേരിപ്പിച്ചത് കരാർ കമ്പനിയോടുള്ള വൈരാഗ്യമാണെന്നാണ് വിവരം.
രാജ്യത്തെ തന്നെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഐഎൻഎസ് വിക്രാന്ത് യുദ്ധക്കപ്പലിലെ ഹാർഡ് ഡിസ്ക് മോഷണം പോയ സംഭവം. അഞ്ച് ഹാർഡ് ഡിസ്കുകളാണ് മോഷണം പോയത്. 2019 സെപ്തംബർ മൂന്നിനായിരുന്നു എഫ്ഐആർ രേഖപ്പെടുത്തിയത്. 2015ൽ തന്നെ ഹാർഡ് ഡിസ്കുകൾ മോഷണം പോയെന്ന് പിന്നീട് എൻ ഐ എ കണ്ടെത്തി. സംഭവത്തിനു പിന്നിൽ രാജ്യവിരുദ്ധ ശക്തികൾ ഉണ്ടോ എന്നുള്ള സംശയവും എൻ ഐ എക്ക് ഉണ്ടായിരുന്നു. തുടർന്ന് കപ്പലുമായി ബന്ധമുള്ള 25000ഓളം ആളുകളുടെ വിരലടയാളം രേഖപ്പെടുത്തി. ഈ വിരലടയാളവുമായി കേന്ദ്രീകരിച്ച പരിശോധനയിലാണ് രണ്ട് പേർ പിടിയിലായത്.
കരാർ കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവർ. തേവരയിൽ തന്നെയാണ് ഇവർ താമസിച്ചിരുന്നത്. തർക്കത്തെ തുടർന്ന് കരാർ കമ്പനി മേലുദ്യോഗസ്ഥൻ ഇവരെ ശാസിച്ചിരുന്നു. ഇതിനു പകരമായാണ് ഇവർ ഹാർഡ് ഡിസ്ക് മോഷ്ടിച്ചത്.
ചോദ്യം ചെയ്യലിൽ ഇവർ മോഷണക്കുറ്റം സമ്മതിച്ചു.
Story Highlights: hard disk theft accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here