ഡൽഹിയിൽ ആഡംബര ഹോട്ടലുകൾ കൊവിഡ് ആശുപത്രികളാക്കുന്നത് പരിശോധിക്കാൻ സർക്കാരിന് കോടതി നിർദേശം

ഡൽഹിയിലെ രണ്ട് ആഡംബര ഹോട്ടലുകൾ കൊവിഡ് ആശുപത്രികൾ ആക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സൂര്യ ഹോട്ടൽ, ക്രൗൺ പ്ലാസ എന്നീ ഹോട്ടലുകളാണ് പരിശോധിക്കേണ്ടത്. ഡോക്ടർമാരുടെ സമിതി രൂപീകരിച്ചു റിപ്പോർട്ട് തയാറാക്കി സമർപ്പിക്കണം. എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ, നീതി ആയോഗ് അംഗം ഡോ. വി കെ പോൾ എന്നിവരോട് ഹോട്ടലുകൾ സന്ദർശിച്ച് അഭിപ്രായം അറിയിക്കാനും അഭ്യർത്ഥിച്ചു.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ ജുമാ മസ്ജിദ് അടച്ചിടാൻ തീരുമാനമായി. ജൂൺ മുപ്പത് വരെ അടച്ചിടുമെന്ന് ഷാഹി ഇമാം സയ്ദ് അഹമ്മദ് ബുഖാരി അറിയിച്ചു. രാജ്യത്തെ മറ്റ് മസ്ജിദുകളും ഇക്കാര്യം പരിഗണിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഷാഹി ഇമാമിന്റെ സെക്രട്ടറി അമാനുള്ള കൊവിഡ് ബാധിച്ചു രണ്ട് ദിവസം മുൻപ് മരിച്ചിരുന്നു.
Read Also: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്
ഡൽഹിയിലെ കൊവിഡ് മരണക്കണക്ക് തെറ്റെന്ന് ആരോപണം ഉയർന്നിരുന്നു. മൂന്ന് കോർപറേഷനുകളിലായി ഇതുവരെ 2098 മൃതദേഹം സംസ്‌കരിച്ചുവെന്ന് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെളിപ്പെടുത്തി. ഡൽഹിയിലെ ആശുപത്രികളിലെ കണക്കും സർക്കാർ നൽകുന്ന കണക്കും തെറ്റാണെന്ന് ആരോപണം നേരത്തെ തന്നെ ശക്തമായി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജയപ്രകാശിന്റെ വെളിപ്പെടുത്തൽ.
delhi, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here