കൈ മുത്തിയാൽ അസുഖം മാറുമെന്ന് അവകാശവാദം; മുത്തിയവരിൽ നിന്ന് കൊറോണ ബാധിച്ച് ആൾദൈവം മരിച്ചു

കൈ മുത്തിയാൽ കൊറോണ മാറുമെന്ന് അവകാശപ്പെട്ട ആൾദൈവം കൊവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ ആൾദൈവമായ അസ്ലം ബാബയാണ് മരിച്ചത്. ഈ മാസം നാലിനായിരുന്നു സംഭവം. ഇയാളുടെ കൈ മുത്താൻ എത്തിയവരിൽ പലർക്കും രോഗബാധ ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരൊക്കെ രോഗമുക്തിക്കായി എത്തിയതായിരുന്നു. വൈറസ് പടർന്നത് അവരിൽ നിന്നാവാം എന്നാണ് നിഗമനം.
ജില്ലയിൽ 85 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ പലരും ഇയാളുടെ അടുക്കൽ രോഗശമനത്തിനായി എത്തിയിരുന്നു. ഇവരെ കണ്ടെത്താനുള്ള നീക്കം ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ജില്ലക്ക് പുറത്ത് രോഗം സ്ഥിരീകരിച്ച 24 പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു എന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കൈ മുത്തി കൊവിഡ് മാറ്റും എന്ന ഇയാളുടെ അവകാശവാദം വിശ്വസിച്ച് ഒട്ടേറെ ആളുകളാണ് ഇയാൾക്കരികിൽ എത്തിയത്. കൈമുത്തലും ആഭിചാര ക്രിയകളും കൊണ്ട് അസുഖം മാറ്റാം എന്ന ഇയാളുടെ അവകാശ വാദം വിശ്വസിച്ച് രോഗബാധിതർ എത്തിയതോടെ അവിടം ഒരു കൊവിഡ് ക്ലസ്റ്റർ ആയി മാറുകയും ചെയ്തു. രോഗബാധയുള്ളവരുമായി ബന്ധപ്പെട്ട ഇയാൾക്ക് കൊവിഡ് ബാധിക്കുകയും ഇയാളിൽ നിന്ന് അസുഖം ഇല്ലാത്തവരിലേക്ക് പടരുകയുമായിരുന്നു.
ഇത്തരത്തിൽ കൊവിഡ് മാറ്റുമെന്ന് അവകാശവാദം ഉന്നയിച്ച 29 ആളുകളെ സർക്കാർ ക്വാറൻ്റീനിലാക്കിയിരിക്കുകയാണ്. ഇവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയാലേ പുറത്ത് വിടൂ എന്ന് അധികൃതർ അറിയിച്ചു.
അതേ സമയം, രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ യുകെയെ മറികടന്നു. കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തി. യുകെയിൽ കൊവിഡ് കേസുകൾ 291,000 ആണ്. ഇന്ത്യയിൽ ആകെ കൊവിഡ് കേസുകൾ 297,535 ആയി. ഇതുവരെ 8498 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
Story Highlights- godman died covid madhyapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here