പലസ്തീൻപൗരന്റെ കഴുത്തിൽ കാൽമുട്ടമർത്തുന്ന പട്ടാളക്കാരൻ; സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാർത്ഥ്യം [24 Fact Check]

-/ ഗ്രീഷ്മാ രാജ് സി പി
വംശവെറിയുടെ ഞെരുക്കത്തില്‍ ശ്വാസംമുട്ടി ജോര്‍ജ് ഫ്ലോയ്ഡ് എന്ന അമേരിക്കന്‍ – ആഫ്രിക്കന്‍ വംശജന് പിടഞ്ഞുമരിച്ചിട്ട് ഏറെയൊന്നും ആയില്ല. അതിനിടയിലാണ് പലസ്തീനിയന്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തുന്ന ഇസ്രായേലി പട്ടാളക്കാരനെന്ന കുറിപ്പോടെ മറ്റൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
ചോരയൊലിക്കുന്ന ചെറുപ്പക്കാരന്റെ പുറത്തുകയറിയിരുന്ന് കഴുത്തില്‍ കാല്‍മുട്ടമര്‍ത്തുന്ന സുരക്ഷാ ജീവനക്കാരന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിന് ഫേസ്ബുക്കില്‍ നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്. ‘നിരപരാധിയായ ഈ പലസ്തീനിയന്‍ കുട്ടിയെ, ശ്വാ സത്തിനുവേണ്ടിയുള്ള അവന്റെ കെഞ്ചല്‍ കേട്ടെന്നുവയ്ക്കാതെ, ഇസ്രായേലി പട്ടാളക്കാരന് കൊന്നുകളഞ്ഞു. ജോർജ് ഫ്ലോയിഡിനോട് ചെയ്തതുപോലെ.’
ചിത്രം സമൂഹമാധ്യമങ്ങളില്‍ വളരെ വേഗം പ്രചാരം നേടി. ചില ഹിന്ദി ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതേക്കുറിച്ച് വാർത്ത നൽകി. എന്നാല്‍ ചിത്രത്തിന്റെ അടിക്കുറിപ്പ് വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണെന്നതാണ് യാഥാർത്ഥ്യം. 2016 ഒക്ടോബര്‍ രണ്ടു മുതല്‍ ഇന്റർനെറ്റിലുള്ള ചിത്രമാണിത്. ചിലിയിലാണ് സംഭവം നടന്നത്. ചിത്രത്തിന്റെ സത്യാവസ്ഥ സ്പാനിഷ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യഥാര്‍ഥ സംഭവം വിവരിക്കുന്ന വീഡിയോയും കണ്ടെത്താനായി. തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍, പൊലീസുകാരന്റെ യൂണിഫോമിലുള്ള ലോഗോ ചിലി നാഷണല്‍ പൊലീസ് ഫോഴ്സിന്റേതാണെന്ന് മനസിലാകും.
Story Highlights: Israeli soldiers killing a Palestinian boy, fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here